കുടിയേറ്റക്കാര്‍ക്ക് അനുവദിച്ചിരുന്ന സമയം വെട്ടിക്കുറയ്ക്കാന്‍ യു.എസിലെ കുടിയേറ്റ കോടതി ജഡ്ജിമാര്‍ക്ക് നിര്‍ദ്ദേശം

By: 600002 On: Sep 5, 2026, 3:00 PM

 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കുടിയേറ്റ കോടതികളില്‍ പുതിയ കര്‍ശന നിര്‍ദ്ദേശങ്ങള്‍; വിസ കാത്തുനില്‍ക്കുന്നവര്‍ക്ക് തിരിച്ചടി. വിസയോ ഗ്രീന്‍ കാര്‍ഡോ ലഭിക്കാന്‍ കാത്തുനില്‍ക്കുന്ന ദുര്‍ബല വിഭാഗക്കാരായ കുടിയേറ്റക്കാര്‍ക്ക് അനുവദിച്ചിരുന്ന സമയം വെട്ടിക്കുറയ്ക്കാന്‍ യു.എസിലെ കുടിയേറ്റ കോടതി ജഡ്ജിമാര്‍ക്ക് നിര്‍ദ്ദേശം.

ട്രംപ് ഭരണകൂടത്തിന്റെ വ്യാപകമായ നാടുകടത്തല്‍ നടപടികളുടെ ഭാഗമായാണ് ഈ പുതിയ ഉത്തരവ്. അനാഥരായ കുട്ടികളും അതിക്രമങ്ങളെ അതിജീവിച്ചവരും ഉള്‍പ്പെടെയുള്ളവരാണ് ഈ തീരുമാനത്തിലൂടെ പ്രതിസന്ധിയിലാകുന്നത്. കേസുകളില്‍ നിയമസഹായം തേടാന്‍ അഭിഭാഷകരെ കണ്ടെത്താന്‍ കുടിയേറ്റക്കാര്‍ക്ക് ഇനി 10 ദിവസത്തില്‍ കൂടുതല്‍ സമയം നല്‍കരുതെന്നും കോടതികളില്‍ കര്‍ശന നിര്‍ദ്ദേശമുണ്ട്. 

രാജ്യത്തെ ലക്ഷക്കണക്കിന് കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുകയാണ് ലക്ഷ്യമെന്നാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിശദീകരണം. എന്നാല്‍ ഇത് അര്‍ഹരായവര്‍ക്ക് ലഭിക്കേണ്ട നിയമപരമായ പരിരക്ഷ പോലും നഷ്ടപ്പെടുത്തുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു.