ഫൈസറിന്റെ കുട്ടികൾക്കായുള്ള കോവിഡ് വാക്സിന് യു.എസ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) അന്തിമ അംഗീകാരം നൽകി. അഞ്ച് മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള ഫൈസർ-ബയോൺടെക്കിന്റെ കോവിഡ് വാക്സിൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കഴിഞ്ഞ ആഴ്ച അംഗീകാരം നൽകിയിരുന്നു കുട്ടികളിൽ കോവിഡ് തടയുന്നതിൽ വാക്സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്നും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും കണ്ടെത്തിയില്ലെന്നും എഫ് ഡിഎ സ്ഥിരീകരിച്ചിരുന്നു. മുതിർന്നവർക്ക് നൽകുന്ന ഡോസിന്റെ മൂന്നിലൊന്ന് ശതമാനം ശക്തി ഉള്ളതാണ് ഫൈസറിന്റെ പീഡിയാട്രിക് വാക്സിൻ. രണ്ടു ഡോസായി മൂന്ന് ആഴ്ച ഇടവേളയിൽ ആയിരിക്കും കുട്ടികൾക്ക് നൽകുക.
കുട്ടികൾക്കായുള്ള പീഡിയാട്രിക് വാക്സിനുള്ള ഫൈസറിന്റെ അപേക്ഷ ഹെൽത്ത് കാനഡ പരിശോധിച്ചുവരികയാണെന്നും അധികം വൈകാതെ തീരുമാനം ഉണ്ടാവുമെന്നും ഹെൽത്ത് കാനഡ ചീഫ് മെഡിക്കൽ അഡൈ്വസർ ഡോ.സുപ്രിയ ശർമ്മ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.