കാനഡയിലെ സാമ്പത്തിക മേഖല പൊതുവേ മന്ദഗതിയിലായിട്ടും തൊഴിൽ രംഗം പിടിച്ചുനിൽക്കുന്നത് ആരോഗ്യമേഖലയിലെ വൻ നിയമനങ്ങൾ കാരണമാണെന്ന് പുതിയ റിപ്പോർട്ട്. ആൽബെർട്ട, ഒൻ്റാരിയോ എന്നീ പ്രവിശ്യകളിൽ മാത്രം ആരോഗ്യരംഗത്ത് ഒരു ലക്ഷത്തിലധികം പുതിയ ജോലികളാണ് ഉണ്ടായത്. എന്നാൽ, ഈ തൊഴിൽ വളർച്ച രോഗികൾക്കുള്ള ചികിത്സാ സൗകര്യങ്ങളിൽ യഥാർത്ഥത്തിൽ എന്തെങ്കിലും മാറ്റമുണ്ടാക്കുന്നുണ്ടോ എന്ന കാര്യത്തിൽ സാമ്പത്തിക-ആരോഗ്യ വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നു.
ഡെഷാർഡിൻസ് ഗ്രൂപ്പ് (Desjardins Group) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ആരോഗ്യമേഖലയ്ക്കായി ഇരു പ്രവിശ്യകളും ബജറ്റ് വിഹിതം വൻതോതിൽ കൂട്ടിയിട്ടുണ്ട്. 2025-നെ അപേക്ഷിച്ച് 2026-ൽ 800 കോടി കനേഡിയൻ ഡോളറിലധികം തുകയാണ് ആരോഗ്യമേഖലയ്ക്കായി ആൽബെർട്ടയും ഒൻ്റാരിയോയും മാറ്റിവെച്ചത്. രാജ്യത്താകെ ആരോഗ്യ-സാമൂഹിക സേവന മേഖലയിൽ മാത്രം 1,33,000 പുതിയ ജോലികൾ വന്നപ്പോൾ, ബാക്കി എല്ലാ മേഖലകളിലും കൂടി ആകെ 1,18,000 ജോലികൾ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്.
എന്നാൽ, ഈ പുതിയ നിയമനങ്ങൾ കൂടുതലും ഓഫീസുകളിലും ഭരണനിർവ്വഹണ തലത്തിലുമാണെന്നും, രോഗികളെ നേരിട്ട് പരിശോധിക്കുന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണത്തിൽ കാര്യമായ വർദ്ധനവൊന്നുമില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന്, ആൽബെർട്ടയിൽ ആരോഗ്യവകുപ്പിനെ നാല് പുതിയ ഏജൻസികളാക്കി വിഭജിച്ചപ്പോൾ ഭരണപരമായ (Administrative) തസ്തികകളാണ് കൂടുതൽ ഉയർന്നത്. ഇതിനുപുറമേ, വരും വർഷങ്ങളിൽ വിരമിക്കുന്ന ജീവനക്കാർക്ക് പകരക്കാരെ കണ്ടെത്തുന്നതിനും, നിലവിലുള്ളവരുടെ വേതന വർദ്ധനവിനുമായാണ് ഈ പണം ഭൂരിഭാഗവും ചെലവാകുന്നത്.