കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള മലനിരകളിൽ കാണാതായ സ്ക്വാമിഷ് സ്വദേശി സ്റ്റാനിസ്ലാവ് വോളോയെ ആറ് ദിവസത്തെ തിരച്ചിലിനൊടുവിൽ ജീവനോടെ കണ്ടെത്തി. ഞായറാഴ്ച 'സീ-ടു-സ്കൈ ഗോണ്ടോള'യ്ക്ക് മുകളിലേക്ക് ട്രെക്കിംഗിനായി പോയ ഇയാൾ കാട്ടിൽ വഴിതെറ്റി അകപ്പെടുകയായിരുന്നു.
പർവതത്തിന് മുകളിലെത്തിയപ്പോൾ ഫോണിൻ്റെ ചാർജ് തീർന്നതാണ് യുവാവിന് തിരിച്ചടിയായത്. താഴേക്കുള്ള വഴി കാണാതെ ഒരേ സ്ഥലത്തുതന്നെ ചുറ്റിക്കറങ്ങേണ്ടി വന്നതായി ആശുപത്രിയിൽ കഴിയുന്ന വോളോ പറഞ്ഞു. ഇതിനിടയിൽ കാലിന് പരിക്കേൽക്കുക കൂടി ചെയ്തതോടെ കൊടും തണുപ്പിൽ ദിവസങ്ങളോളം അവിടുന്ന് അനങ്ങാൻ കഴിഞ്ഞില്ല. കാട്ടരുവിയിലെ വെള്ളം കുടിച്ചും ചെറിയ ചെടികളും ഇലകളും കഴിച്ചുമാണ് ഇയാൾ ജീവൻ നിലനിർത്തിയത്.
കനത്ത മഴയും കൊടുങ്കാറ്റും നിറഞ്ഞ പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് വെള്ളിയാഴ്ച വോളോ നടന്ന് ഒരു വനപാതയിലേക്ക് എത്തുകയായിരുന്നു. ഈ സമയം ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തുകയായിരുന്ന റെസ്ക്യൂ ടീം ഇയാളെ കണ്ടെത്തുകയും പ്രാഥമിക ശുശ്രൂഷ നൽകി ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. യുവാവിന് നിസ്സാര പരിക്കുകൾ മാത്രമാണുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.
ഹെലികോപ്റ്ററുകളും ഡ്രോണുകളും തിരച്ചിൽ നായ്ക്കളും സന്നദ്ധപ്രവർത്തകരും അടങ്ങുന്ന വലിയൊരു സംഘമാണ് ദിവസങ്ങളോളം തിരച്ചിൽ നടത്തിയത്. ഇത്രയും ദാരുണമായ കാലാവസ്ഥയിലും യുവാവ് ജീവനോടെ തിരിച്ചെത്തിയത് അത്ഭുതകരമായ ഒരു സംഭവമാണെന്ന് റെസ്ക്യൂ ടീം മാനേജർ തൈലർ ഡങ്കൻ പറഞ്ഞു.