കനേഡിയൻ സമ്പദ്‌വ്യവസ്ഥയിൽ ഓഗസ്റ്റ് മാസത്തിൽ വൻ തൊഴിൽ നഷ്ടം രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മാസത്തിൽ രാജ്യത്ത് 42,000 തൊഴിലവസരങ്ങളുടെ കുറവാണ് ഉണ്ടായത്. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ കൈവരിച്ച ശക്തമായ തൊഴിൽ വളർച്ചയ്ക്ക് തിരിച്ചടിയേൽപ്പിക്കുന്നതാണ് ഈ ഇടിവ്. സാമ്പത്തിക വിദഗ്ധർ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, പൊതുമേഖലയിലടക്കം ഉണ്ടായ മന്ദഗതി വിപണിയെ പ്രതികൂലമായി ബാധിച്ചു.
തൊഴിലവസരങ്ങളിൽ ഇടിവുണ്ടായെങ്കിലും രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 6.4 ശതമാനമായി തന്നെ മാറ്റമില്ലാതെ തുടരുകയാണ്. ഓഗസ്റ്റിൽ പ്രധാനമായും ബിസിനസ് സപ്പോർട്ട് സേവനങ്ങൾ, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, പ്രകൃതിവിഭവ മേഖല എന്നിവയിലാണ് കൂടുതൽ തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടത്. കൂടാതെ, 15 നും 24 നും ഇടയിൽ പ്രായമുള്ള യുവ തൊഴിലാളികൾക്കിടയിലും തൊഴിൽ നഷ്ടം പ്രകടമായി അനുഭവപ്പെട്ടു. അതേസമയം, മാനുഫാക്ചറിങ് മേഖലയിൽ 22,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത് ഈ തിരിച്ചടിക്കിടയിലും ആശ്വാസമായി.
അമേരിക്ക ഏർപ്പെടുത്തിയ പുതിയ വ്യാപാര തീരുവകളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് കാനഡയുടെ തൊഴിൽ വിപണിയിലുണ്ടായ ഈ ഇടിവിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ, തൊഴിലാളികളുടെ ശരാശരി മണിക്കൂർ വേതന വളർച്ച 2 ശതമാനമായി കുറഞ്ഞിട്ടുണ്ട്. തൊഴിൽ വിപണിയിൽ താൽക്കാലികമായി തിരിച്ചടിയുണ്ടായെങ്കിലും പലിശ നിരക്കുകളിൽ പെട്ടെന്നൊരു മാറ്റത്തിന് ബാങ്ക് ഓഫ് കാനഡ മുതിരില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.