കാനഡയിൽ താപനില 5 ഡിഗ്രി വരെ ഉയർന്നേക്കാം; പുതിയ കാലാവസ്ഥാ റിപ്പോർട്ട് പുറത്ത്

By: 600110 On: Sep 4, 2026, 1:57 PM

 

കാനഡയിൽ വരും വർഷങ്ങളിൽ ശരാശരി താപനില അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്. രാജ്യത്തെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പുറത്തുവന്ന പുതിയ റിപ്പോർട്ടിലാണ് ഈ ഭീതിജനകമായ വിവരങ്ങളുള്ളത്. കൽക്കരി, പെട്രോളിയം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗമാണ് ഭൗമതാപനത്തിന് പ്രധാന കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

നിലവിലുള്ള രീതി തുടർന്നാൽ കാനഡ വലിയ പ്രകൃതിദുരന്തങ്ങളെ നേരിടേണ്ടി വരുമെന്ന് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡയിലെ ഗവേഷകനായ നഥാൻ ഗില്ലറ്റ് അടക്കമുള്ള ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ പടിഞ്ഞാറൻ കാനഡയിലെ മഞ്ഞുമലകളിലെ 75 ശതമാനത്തിലധികം ഐസും ഇല്ലാതാകും. സെപ്റ്റംബർ മാസങ്ങളിൽ ആർട്ടിക് സമുദ്രം മഞ്ഞില്ലാത്ത അവസ്ഥയിലാകും.

നുനാവട് പോലുള്ള വടക്കൻ പ്രദേശങ്ങളിൽ ശൈത്യകാലത്ത് താപനില 10 ഡിഗ്രി സെൽഷ്യസ് വരെ കൂടിയേക്കാം. വേനൽക്കാലത്തെ വരൾച്ച കടുക്കും. മിന്നൽ പ്രളയം,  കനത്ത മഴ, കാട്ടുതീ എന്നിവ കൂടെക്കൂടെ ഉണ്ടാകാൻ സാധ്യതയുണ്ട്.

അതേസമയം, ആഗോളതലത്തിൽ കാർബൺ ബഹിർഗമനം വൻതോതിൽ കുറയ്ക്കാനായൽ ഈ താപനില വർദ്ധനവ് 3.5 ഡിഗ്രിയായി പരിമിതപ്പെടുത്താൻ സാധിക്കുമെന്ന് 'കനേഡിയൻ ക്ലൈമറ്റ് ഇൻസ്റ്റിറ്റ്യൂട്ട്' വ്യക്തമാക്കി. 2050-ഓടെ കാർബൺ ഉദ്‌വമനം പൂർണ്ണമായും ഇല്ലാതാക്കുക  എന്ന ലക്ഷ്യത്തിലേക്ക് രാജ്യം പ്രതിജ്ഞാബദ്ധമായി മുന്നോട്ടുപോകുമെന്ന് കനേഡിയൻ പരിസ്ഥിതി മന്ത്രാലയവും അറിയിച്ചു.