അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ മുറുകുന്നതിനിടെ കാനഡയിലെ റെയിൽവേ രംഗത്ത് വൻ പ്രഖ്യാപനവുമായി പ്രധാനമന്ത്രി മാർക്ക് കാർണി. 313 വിഐഎ റെയിൽ (VIA Rail) പാസഞ്ചർ കോച്ചുകൾ രാജ്യത്ത് തന്നെ നിർമ്മിക്കുന്നതിനും അവയുടെ പരിപാലനത്തിനുമായി 4.7 ബില്യൺ ഡോളർ അനുവദിച്ചതായി അദ്ദേഹം അറിയിച്ചു. കഴിഞ്ഞ 40 വർഷമായി അമേരിക്കയിൽ നിർമ്മിച്ചിരുന്ന കോച്ചുകളാണ് ഇനി കാനഡയിൽ നിർമ്മിക്കുക.
തണ്ടർ ബേയിലെ നിർമ്മാണശാലയിൽ വെച്ചാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. പ്രമുഖ നിർമ്മാണ കമ്പനിയായ ‘ആൽസ്റ്റോം’ (Alstom) ആണ് കോച്ചുകൾ നിർമ്മിക്കുന്നത്. ഒന്റാരിയോ, ക്യുബെക് എന്നിവിടങ്ങളിലായി 700-ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കും. നിർമ്മാണത്തിന് കനേഡിയൻ സ്റ്റീൽ തന്നെ പരമാവധി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ കാനഡ താൽക്കാലികമായി നിർത്തിവെച്ചതിനെ തുടർന്ന് കാനഡയ്ക്ക് മേൽ അമേരിക്ക പുതിയ തീരുവകൾ ചുമത്തിയിരുന്നു. എന്നാൽ കാനഡയെ സമ്മർദ്ദത്തിലാക്കാമെന്ന അമേരിക്കയുടെ കണക്കുകൂട്ടലുകൾ തെറ്റാണെന്നും, രാജ്യം ഒറ്റക്കെട്ടായി ഇതിനെ നേരിടുമെന്നും മാർക്ക് കാർണി കൂട്ടിച്ചേർത്തു.