കിംഗ് ചാൾസ് മൂന്നാമൻ്റെ ചിത്രം പതിച്ച പുതിയ 20 ഡോളർ നോട്ട് പുറത്തിറക്കി ബാങ്ക് ഓഫ് കാനഡ

By: 600110 On: Sep 4, 2026, 1:35 PM

 

അന്തരിച്ച എലിസബത്ത്  രാജ്ഞിക്ക് പകരം കിങ് ചാൾസ് മൂന്നാമന്റെ ചിത്രം ഉൾപ്പെടുത്തിയ പുതിയ 20 ഡോളർ കറൻസി നോട്ട് ബാങ്ക് ഓഫ് കാനഡ ഔദ്യോഗികമായി പുറത്തിറക്കി. ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മക്ലെം ഒട്ടാവയിൽ നടന്ന ചടങ്ങിലാണ് വേർട്ടിക്കലി ഡിസൈൻ ചെയ്ത പുതിയ നോട്ട് അവതരിപ്പിച്ചത്. വയോള ഡെസ്മണ്ടിന്റെ ചിത്രമുള്ള 10 ഡോളർ നോട്ടിന് ശേഷം പേർട്ടിക്കൽ രൂപകൽപ്പനയിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ കനേഡിയൻ നോട്ട് കൂടിയാണിത്.

ചാൾസ് രാജാവിന്റെ പരിസ്ഥിതി സ്നേഹത്തെയും ആഗോള തലത്തിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും ആദരിച്ചുകൊണ്ട് സസ്യങ്ങളുടെയും പൂക്കളുടെയും ഡിസൈനുകൾ ചേർത്താണ് നോട്ട് നിർമ്മിച്ചിരിക്കുന്നത്. കാനഡയിലെ 13 പ്രവിശ്യകളുടെയും ടെറിട്ടറികളുടെയും ഔദ്യോഗിക പുഷ്പ ചിഹ്നങ്ങളും ഗോത്രവർഗ്ഗക്കാർക്ക് പ്രാധാന്യമുള്ള സസ്യങ്ങളും നോട്ടിന്റെ മുൻവശത്തുണ്ട്. നോട്ടിന്റെ പിൻവശത്ത് ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത കനേഡിയൻ സൈനികർക്കുള്ള ആദരവായി 'വിമി നാഷണൽ മെമ്മോറിയൽ' ചിത്രീകരിച്ചിരിക്കുന്നു. പോളിമർ മെറ്റീരിയലിൽ അച്ചടിച്ച ഈ നോട്ടിൽ അത്യാധുനികമായ സുരക്ഷാ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബ്രിട്ടന് പുറത്ത് ചാൾസ് രാജാവിന്റെ ചിത്രം കറൻസി നോട്ടിൽ ഉൾപ്പെടുത്തുന്ന ആദ്യ കോമൺവെൽത്ത് രാജ്യമായി ഇതോടെ കാനഡ മാറി. 1935 മുതലാണ് എലിസബത്ത് രാജ്ഞിയുടെ ചിത്രം കനേഡിയൻ നോട്ടുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. കാനഡയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള 20 ഡോളറിന്റെ പുതിയ നോട്ടുകൾ 2027 ഫെബ്രുവരി അവസാനത്തോടെയാകും പൊതുജനങ്ങൾക്കിടയിലേക്ക്  എത്തുക എന്ന് ബാങ്ക് അധികൃതർ അറിയിച്ചു. സുരക്ഷിതവും വ്യാജമായി നിർമ്മിക്കാൻ സാധിക്കാത്തതുമായ ഈ പുതിയ നോട്ട് കാനഡയുടെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പുതിയൊരു പ്രതിഫലനമാണ്