സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍; ഒരു ഡോസെടുത്തവര്‍ക്ക് തിയേറ്ററില്‍ പ്രവേശിക്കാം

By: 600007 On: Nov 3, 2021, 6:13 PM

ഒരു ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവരെ സിനിമാ തിയേറ്ററില്‍ പ്രവേശിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. തിയറ്ററുകളില്‍ ശാരീരിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

കല്ല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ക്ക് അടച്ചിട്ട മുറികളില്‍ 100 പേരെയും തുറന്നസ്ഥലങ്ങളില്‍ 200 പേരെയും പങ്കെടുപ്പിക്കാം. ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലെ 8, 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികളെ ജനറല്‍ വര്‍ക് ഷോപ്പിനുള്ള പ്രായോഗിക പരിശീലനത്തിനും എന്‍ജിനിയറിങ് ഡ്രോയിംഗില്‍ പ്രാക്ടിക്കല്‍ ക്ലാസ് നല്‍കുന്നതിനും സ്‌കൂളുകളില്‍ പ്രവേശിപ്പിക്കും. 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് എന്‍എസ്‌ക്യൂഎഫ് സ്‌കൂള്‍തല പ്രായോഗിക പരിശീലനം നല്‍കുന്നതിനും പ്രാഥമിക പരിശീലന ക്ലാസുകള്‍ നടത്തുന്നതിനും അനുവാദം നല്‍കും. ആവശ്യമുള്ളിടത്ത് പ്രാക്ടിക്കല്‍ ക്ലാസുകള്‍ ആരംഭിക്കാവുന്നതാണ്. കോവിഡേതര വൈറസുകളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി ഉണ്ടാക്കുന്ന അതിശയോക്തി കലര്‍ന്ന റിപ്പോര്‍ട്ടുകള്‍ രക്ഷിതാക്കള്‍ കണക്കിലെടുക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Content Highlights: Government lifts more covid lockdown restrictions in kerala