പ്രസാദ് തീയാടിക്കല്‍
തിരുവല്ല: കറ്റോട് മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ 20 വയസ്സുകാരനായ നഴ്‌സിംഗ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കറ്റോട് മുതിരക്കാലായില്‍ തോമസ് ജോണ്‍ (ഷിബു)അന്നമ്മ ദമ്പതികളുടെ മകന്‍ ജോയല്‍ തോമസ് (20) ആണ് മരിച്ചത്.
സെപ്റ്റംബര്‍ 3 വ്യാഴാഴ്ച വൈകുന്നേരം ഏകദേശം 3.30-ഓടെ കറ്റോട് കാട്ടുവള്ളിക്കാട് കടവിലായിരുന്നു അപകടം. മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ ജോയല്‍ ആഴമുള്ള കയത്തില്‍ അകപ്പെടുകയായിരുന്നു.
അപകടം ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി ജോയലിനെ വെള്ളത്തില്‍നിന്ന് പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതശരീരം പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ബംഗളൂരുവില്‍ മൂന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ജോയല്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്.
സംസ്‌കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും.