കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും വലിയ ജലാശയമായ വില്ലിസ്റ്റൺ റിസർവോയറിലെ വിചിത്രമായ ഒരു പ്രതിഭാസം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. സസ്യങ്ങളും മരങ്ങളും തിങ്ങിനിറഞ്ഞ ഒരു കൂറ്റൻ ദ്വീപ് വെള്ളത്തിൽ ഒഴുകിനടക്കുകയും, ഇടയ്ക്ക് അപ്രത്യക്ഷമായി മറ്റ് സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുകയാണ്.
ഏകദേശം 70 മീറ്റർ വീതിയും 140 മീറ്റർ നീളവുമുള്ള ഈ 'ഒഴുകുന്ന കാടിന്' ഒരു ഫുട്ബോൾ ഗ്രൗണ്ടിൻ്റെ വലിപ്പമുണ്ട്. ജൂലൈ മാസത്തിൽ വില്ലിസ്റ്റൺ റിസർവോയറിലെ ഫിൻലേ ബേയ്ക്ക് സമീപമാണ് ഇത് ആദ്യമായി കാണപ്പെട്ടത്. സാറ്റലൈറ്റ് ചിത്രങ്ങളിൽ ഇത് വ്യക്തമായിരുന്നെങ്കിലും ഓഗസ്റ്റോടെ ഇത് കാണാതായി. ആഴ്ചകൾക്ക് ശേഷം ശക്തമായ കാറ്റിൽ ഈ ദ്വീപ് റിസർവോയറിൻ്റെ മറ്റൊരു തീരത്ത് അടിഞ്ഞതായി കണ്ടെത്തി.
ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ കൃത്രിമ റിസർവോയറാണ് വില്ലിസ്റ്റൺ. 250 കിലോമീറ്ററോളം നീളമുള്ള ഈ കൂറ്റൻ ജലാശയത്തിൽ നിന്ന് ഈ ദ്വീപിനെ കണ്ടെത്തുന്നത് ദുഷ്കരമാണെന്ന് അധികൃതർ പറയുന്നു. കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് ഇപ്പോൾ ഈ റിസർവോയറിലുള്ളത്. വർഷങ്ങളായി ചീഞ്ഞഴുകിയ മരത്തടികളും വൃക്ഷങ്ങളുടെ വേരുകളും തമ്മിൽ കൂടിച്ചേർന്ന് കിടന്നിരുന്ന ഭാഗം, ജലനിരപ്പ് ഉയർന്നതോടെ കരയിൽ നിന്ന് വേർപെട്ട് വെള്ളത്തിൽ പൊങ്ങിനിന്നതാകാം എന്നാണ് നിഗമനം.
വർഷങ്ങൾ കൊണ്ട് രൂപപ്പെട്ട ഈ ദ്വീപിൽ വിവിധ ഇനം മീനുകൾ, പക്ഷികൾ, ചെറിയ ജീവികൾ, മരങ്ങൾ എന്നിവ ജീവിക്കുന്നുണ്ടെന്ന് കരുതപ്പെടുന്നു. മരങ്ങളുടെ വേരുകളുടെ ശക്തമായ കണ്ണികളാണ് ഇതിനെ വെള്ളത്തിൽ മുങ്ങിപ്പോകാതെ നിർത്തിയിരിക്കുന്നത്. കണ്ടാൽ കഥകളിലെ ദ്വീപ് പോലെ തോന്നുമെങ്കിലും, ഇതിന് മുകളിൽ കയറുന്നത് തികച്ചും അപകടകരമാണെന്നും ആരും ഇതിൽ ഇറങ്ങാൻ ശ്രമിക്കരുതെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
അണക്കെട്ടിന് ഇത് തൽക്കാലം ഭീഷണിയല്ലെന്ന് കാനഡയിലെ വൈദ്യുതി ഏജൻസിയായ ബി.സി ഹൈഡ്രോ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിലെ വിസ്കോൺസിനിലുള്ള ചിപ്പേവ തടാകത്തിലും സമാനമായ രീതിയിൽ മണ്ണും വേരുകളും ചേർന്ന് രൂപപ്പെട്ട ഒഴുകുന്ന ദ്വീപുകൾ മുമ്പ് കണ്ടെത്തിയിട്ടുണ്ട്.