ഇറാൻ്റെ മുൻ വൈസ് പ്രസിഡൻ്റിൻ്റെ മകന് കോടിക്കണക്കിന് രൂപയുടെ സർക്കാർ കരാറുകൾ നൽകിയതായി റിപ്പോർട്ട്. കനേഡിയൻ മാധ്യമമായ 'ഗ്ലോബൽ ന്യൂസ്' ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.
ഇറാൻ മുൻ വൈസ് പ്രസിഡന്റ് ഹസൻ ഗാഫൂരി ഫർദിന്റെ മകനായ 45-കാരൻ മുഹമ്മദ് റെസ ഗാഫൂരി ഫർദാണ് "സൽ ഗാഫൂരി" എന്ന പേരിൽ കാനഡയിലെ ആൽബെർട്ടയിൽ ബിസിനസ് നടത്തുന്നത്. 2013-ൽ കാനഡയിലേക്ക് കുടിയേറിയ ഇയാൾ Melanite Group, Radian Group എന്നീ കമ്പനികൾ സ്ഥാപിക്കുകയായിരുന്നു. കനേഡിയൻ പ്രതിരോധ മന്ത്രാലയം, റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) എന്നിവയിൽ നിന്നടക്കം 2 മില്യണിലധികം ഡോളറിൻ്റെ കരാറുകളാണ് ഇയാളുടെ കമ്പനികൾ നേടിയെടുത്തത്. കൂടാതെ, ഔദ്യോഗിക വിദേശ വ്യാപാര സംഘങ്ങളിൽ പങ്കാളിയാകാനും ബിസിനസ് ഗ്രാന്റുകൾ നേടാനും ഇയാൾക്ക് സാധിച്ചു.
കാനഡയിലെത്തുന്നതിന് മുമ്പ് ഇയാൾ ഇറാന്റെ പ്രതിരോധ മന്ത്രാലയത്തിനും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനും (IRGC) വേണ്ടി മിസൈൽ അധിഷ്ഠിത വ്യോമ പ്രതിരോധ സംവിധാനങ്ങളും, അമേരിക്കൻ യുദ്ധവിമാനങ്ങളുടെ ആശയവിനിമയം തടസ്സപ്പെടുത്തുന്ന ഉപകരണങ്ങളും വികസിപ്പിക്കാൻ പ്രവർത്തിച്ചിരുന്നതായി കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (CSIS) കണ്ടെത്തി. അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടന്ന് രഹസ്യമായി സൈനിക സാങ്കേതികവിദ്യകൾ ശേഖരിച്ച ശൃംഖലയുടെ ഭാഗമായിരുന്നു ഇയാളെന്നും ആരോപിക്കപ്പെടുന്നുണ്ട്.
കാനഡയിൽ സ്ഥിരതാമസമാക്കിയ ശേഷം 2015-ൽ ഇറാൻ സന്ദർശിച്ച ഇയാൾ, ഇറാന്റെ രഹസ്യാന്വേഷണ ഏജൻസിയായ MOIS ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും കാനഡയിലെ തന്റെ ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുകയും ചെയ്തതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. 2017 മുതൽ ഇയാൾക്കെതിരെ ദേശീയ സുരക്ഷാ അന്വേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും, 2024-ൽ പോലും കനേഡിയൻ പ്രതിരോധ സേനയിൽ നിന്ന് ഇയാളുടെ കമ്പനിക്ക് കരാറുകൾ ലഭിച്ചിരുന്നു. ഇത് കാനഡയിലെ സുരക്ഷാ-ഇമിഗ്രേഷൻ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയെയാണ് കാണിക്കുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.