യോർക്കിലും പീലിലും വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചു: ജാഗ്രതാ നിർദേശവുമായി കനേഡിയൻ ആരോഗ്യ മന്ത്രാലയം

By: 600110 On: Sep 3, 2026, 12:51 PM

 

 ഒൻ്റാരിയോയിലുള്ള യോർക്ക്, പീൽ റീജ്യണുകളിൽ മനുഷ്യരിൽ വെസ്റ്റ് നൈൽ വൈറസ്  ബാധ സ്ഥിരീകരിച്ചു. രോഗബാധയുമായി ബന്ധപ്പെട്ട കേസ് പ്രാദേശിക ആരോഗ്യ മന്ത്രാലയവും വിൽഫ്രഡ് ലോറിയർ യൂണിവേഴ്സിറ്റി പ്രതിനിധികളും  സ്ഥിരീകരിച്ചു. പ്രദേശത്ത് കൊതുകുകളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ വരും ആഴ്ചകളിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഹെൽത്ത് ഓഫീസർമാർ നിർദേശിച്ചു. പ്രധാനമായും രോഗബാധിതമായ കൊതുകുകളുടെ കടിയിലൂടെയാണ് വെസ്റ്റ് നൈൽ വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. വൈറസ് ബാധിക്കുന്ന ഭൂരിഭാഗം ആളുകളിലും ലക്ഷണങ്ങൾ പ്രകടമാകാറില്ലെങ്കിലും, ഏകദേശം 20 ശതമാനം ആളുകളിൽ പനി, കടുത്ത തലവേദന, ശരീരവേദന, ഛർദ്ദി, ചർമ്മത്തിൽ തടിപ്പുകൾ തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടാറുണ്ട്. അപൂർവം ചിലരിൽ ഇത് കേന്ദ്ര നാഡീവ്യൂഹത്തെ ബാധിച്ച് മസ്തിഷ്ക വീക്കം (Encephalitis), മെനിഞ്ചൈറ്റിസ് (Meningitis) തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.

രോഗവ്യാപനം തടയുന്നതിനായി കടുത്ത പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ഒന്റാറിയോ പബ്ലിക് ഹെൽത്ത് ഏജൻസി ആവശ്യപ്പെട്ടു. പുറത്തിറങ്ങുമ്പോൾ ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, ഡി.ഇ.ഇ.ടി (DEET) അടങ്ങിയ കൊതുക് നിവാരണ ലേപനങ്ങൾ ഉപയോഗിക്കുക, വീടുകൾക്ക് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ. കൊതുകുകളുടെ സാന്നിധ്യം കൂടുതലുള്ള  സമയങ്ങളിൽ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും പൊതുജനാരോഗ്യ വിഭാഗം ഓർമ്മിപ്പിച്ചു.