ഗ്രേറ്റർ ടൊറൻ്റോ ഏരിയയിൽ ശക്തമായ കാറ്റും കനത്ത മഴയും: ടൊർണാഡോ ജാഗ്രതാ നിർദേശവുമായി എൻവിറോൺമെൻ്റ് കാനഡ

By: 600110 On: Sep 3, 2026, 12:46 PM

 

ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലും  തെക്കൻ ഒന്റാരിയോയുടെ വിവിധ പ്രദേശങ്ങളിലും അതിതീവ്രമായ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ ഏജൻസിയായ എൻവിറോൺമെന്റ് കാനഡ അറിയിച്ചു. മിഷിഗൺ മേഖലയിൽ രൂപപ്പെട്ട തണുത്ത കാറ്റിന്റെ  സാന്നിധ്യമാണ് അന്തരീക്ഷത്തിൽ പെട്ടെന്നുള്ള വ്യതിയാനങ്ങൾക്ക് കാരണമാകുന്നത്. ശക്തമായ കാറ്റ്, ആലിപ്പഴ വീഴ്ച്ച, കനത്ത മഴ എന്നിവയ്‌ക്കൊപ്പം ചില ഭാഗങ്ങളിൽ ടൊർണാഡോ വീശിയടിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.

മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റും ആലിപ്പഴ വീഴ്ചയും മേഖലയിൽ വൻ നാശനഷ്ടങ്ങൾക്ക് ഇടയാക്കിയേക്കാം. പെട്ടെന്നുണ്ടാകുന്ന വെള്ളക്കെട്ടുകൾ ഗതാഗത തടസ്സത്തിന് കാരണമാകാൻ സാധ്യതയുണ്ട്. കൂടാതെ, മരങ്ങൾ കടപുഴകി വീഴാനും അടിസ്ഥാന സൗകര്യങ്ങൾക്കും വൈദ്യുതി ബന്ധങ്ങൾക്കും തടസ്സം നേരിടാനും സാധ്യതയുള്ളതിനാൽ യാത്രക്കാരും പ്രദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അധികൃതർ നിർദേശിച്ചു.

പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ അടിയന്തര സുരക്ഷാ മുന്നൊരുക്കങ്ങൾ സ്വീകരിക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.  തത്സമയ കാലാവസ്ഥാ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും പുറത്തുള്ള വസ്തുക്കൾ കാറ്റിൽ പറന്നുപോകാത്ത രീതിയിൽ സുരക്ഷിതമാക്കുകയും ചെയ്യണമെന്ന് എമർജൻസി മാനേജ്‌മെന്റ് ഏജൻസി വ്യക്തമാക്കി.