കാൽഗറി നഗരസഭയുടെ വിവിധ വകുപ്പുകൾ സമർപ്പിച്ച ബജറ്റ് ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിക്കപ്പെടുകയാണെങ്കിൽ, 2027 സാമ്പത്തിക വർഷത്തിൽ നഗരത്തിലെ വസ്തുനികുതിയിൽ 20.2 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. ഗ്ലോബൽ ന്യൂസ് പുറത്തുവിട്ട പ്രാഥമിക ബജറ്റ് രേഖകൾ പ്രകാരം, വിവിധ വകുപ്പുകളിൽ നിന്നുള്ള 510 ദശലക്ഷം ഡോളറിന്റെ അധിക പ്രവർത്തനച്ചെലവുകൾ നിറവേറ്റുന്നതിനാണ് ഈ തുക ആവശ്യമായി വരുന്നത്. നിലവിലുള്ള നഗരസഭാ സേവനങ്ങൾ അതേപടി തുടരുന്നതിന് മാത്രം അടുത്ത വർഷം 5.4 ശതമാനം നികുതി വർധനവ് അനിവാര്യമാണ്. നിർദ്ദേശങ്ങൾ അതേപടി അംഗീകരിക്കപ്പെട്ടാൽ തുടർന്നുള്ള വർഷങ്ങളിലും (2028-ൽ 8.5%, 2029-ൽ 9%, 2030-ൽ 8.9%) നികുതി നിരക്കുകളിൽ ഗണ്യമായ വർധനവുണ്ടാകും.
ട്രാൻസിറ്റ്, അഗ്നിശമന സേന, പോലീസ് എന്നിവയുൾപ്പെടെ നൂറിലധികം വകുപ്പുകളിൽ നിന്നുള്ള ഫണ്ട് ആവശ്യങ്ങളാണ് നിലവിൽ കൗൺസിലിന്റെ പരിഗണനയിലുള്ളത്. എന്നാൽ, അധിക നികുതി ചുമത്താതെ ലഭ്യമാക്കാവുന്ന സാമ്പത്തിക ശേഷി 139 ദശലക്ഷം ഡോളറായി പരിമിതപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, പദ്ധതികളുടെ മുൻഗണന നിശ്ചയിച്ച് ചെലവുകൾ വെട്ടിച്ചുരുക്കണമെന്ന് നഗരസഭാ ഭരണകൂടം മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, പ്രാഥമിക വർധന നിരക്കുകൾ പുനഃപരിശോധിക്കാനും 2027-ലെ നികുതി വർധനവ് 15 ശതമാനമായി പരിമിതപ്പെടുത്തിക്കൊണ്ട് പുതിയ പദ്ധതി തയ്യാറാക്കാനും കൗൺസിൽ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്ന തരത്തിലേക്ക് നികുതി നിരക്കുകൾ എത്തിക്കണമെങ്കിൽ ബജറ്റിൽ നിന്ന് കുറഞ്ഞത് 300 ദശലക്ഷം ഡോളറെങ്കിലും വെട്ടിച്ചുരുക്കേണ്ടി വരുമെന്നാണ് ചില കൗൺസിലർമാരുടെ വിലയിരുത്തൽ.
നിലവിൽ പുറത്തുവന്ന കണക്കുകൾ വിവിധ വകുപ്പുകളുടെ അപേക്ഷകൾ മാത്രമാണെന്നും, അന്തിമ തീരുമാനമായിട്ടില്ലെന്നും കൽഗറി മേയർ ജെറോമി ഫാർകസ് വ്യക്തമാക്കി. പൊതുസുരക്ഷ, അത്യാവശ്യ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായിരിക്കും കൗൺസിൽ മുൻഗണന നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും വർഷങ്ങളിൽ വികസന പ്രവർത്തനങ്ങൾക്കായി 21 ശതകോടി ഡോളർ ആവശ്യമാണെന്നിരിക്കെ, നിലവിലുള്ള സാമ്പത്തിക പരിധികൾ കൗൺസിലിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ബജറ്റ് നിർദേശങ്ങളിലെ പുനഃപരിശോധനകൾ പൂർത്തിയാക്കി നവംബർ 10-ന് അന്തിമ ബജറ്റ് രേഖ പൊതുജനങ്ങൾക്കായി സമർപ്പിക്കും.