കോവാക്‌സിന് അംഗീകാരം നല്‍കി ലോകാരോഗ്യ സംഘടന; അടിയന്തര ഉപയോഗത്തിന് അനുമതി

By: 600007 On: Nov 3, 2021, 5:56 PM

    


ഇന്ത്യയുടെ കോവാക്‌സിന് ഒടുവില്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) യുടെ അംഗീകാരം. 18 വയസും അതിന് മുകളിലുള്ളവര്‍ക്കും അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം ശുപാര്‍ശ ചെയ്തു.

പൂര്‍ണ്ണമായും ഇന്ത്യന്‍ നിര്‍മിതിയായ കോവാക്‌സിന്‍ ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെകും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ചേര്‍ന്നാണ് ഉത്പാദിപ്പിച്ചത്. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നതോടെ കോവാക്‌സിന്‍ എടുത്തവര്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള തടസ്സം നീങ്ങും.

നിലവില്‍ വിദേശത്തേക്ക് പോകുന്നവര്‍ ഓക്‌സ്ഫഡ് സര്‍വലാശാല ഉത്പാദിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ എടുക്കുന്നതിനാണ് താത്പര്യം കാണിച്ചിരുന്നത്. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡിന് നേരത്തെ തന്നെ ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ കോവാക്‌സിന് നേരത്തെ തന്നെ ഉപയോഗാനുമതി ലഭിച്ചെങ്കിലും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും അംഗീകാരമുണ്ടായിരുന്നില്ല. അടിയന്തര ഉപയോഗ ലിസ്റ്റിംഗിനുള്ള അംഗീകാരം കോവാക്‌സിന് ലഭിച്ചത് കോവാക്‌സിന്‍ സ്വീകരിച്ച ആളുകള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കുന്നതിന് സഹായിക്കും.

Content highlight: Covaxin gets who technical team recommendation for emergency use listing