ദൈവാലയം ഇനി ജനങ്ങളിലേക്ക്; മെക്സിക്കോയില്‍ ചാപ്പല്‍ ഓണ്‍ വീല്‍സ്

By: 600002 On: Sep 3, 2026, 10:12 AM

 

 

പ്രസാദ് തീയാടിക്കല്‍

മൊണ്ടെറെ, മെക്സിക്കോ: ദൈവാലയ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ വിശ്വാസികള്‍ക്ക് ദിവ്യകാരുണ്യ ആരാധനയ്ക്കും കുമ്പസാരത്തിനും അവസരമൊരുക്കാന്‍ വ്യത്യസ്തമായ പദ്ധതിയുമായി മെക്സിക്കോയിലെ മൊണ്ടെറെ അതിരൂപത. പ്രത്യേകമായി രൂപാന്തരപ്പെടുത്തിയ യാത്രാവാഹനത്തില്‍ ഒരുക്കിയ 'ചാപ്പല്‍ ഓണ്‍ വീല്‍സ്' അഥവാ സഞ്ചരിക്കുന്ന ആരാധനാ ചാപ്പലാണ് അതിരൂപത ആരംഭിച്ചിരിക്കുന്നത്.

ദൈവാലയത്തിലേക്ക് വിശ്വാസികള്‍ എത്തുന്നതിനായി കാത്തിരിക്കാതെ, ദിവ്യകാരുണ്യ സാന്നിധ്യം ജനങ്ങളുടെ അടുത്തേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ദേവാലയ സൗകര്യമില്ലാത്ത പ്രദേശങ്ങളിലും ദിവ്യകാരുണ്യ ആരാധന പ്രോത്സാഹിപ്പിക്കണമെന്ന ആശയത്തില്‍ നിന്നാണ് പദ്ധതിക്ക് തുടക്കമായതെന്ന് ഇതിന്റെ ചുമതലയുള്ള ഫാ. അഡ്രിയാന്‍ വില്ലാഗ്രാന്‍ ഗ്വെറേറോ വ്യക്തമാക്കി.

18 പേര്‍ക്ക് സഞ്ചരിക്കാവുന്ന പാസഞ്ചര്‍ വാനാണ് ഇതിനായി പ്രത്യേകമായി രൂപാന്തരപ്പെടുത്തിയിരിക്കുന്നത്. വാഹനം പ്രധാനമായും മൂന്ന് ഭാഗങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. പിന്‍ഭാഗത്ത് ദിവ്യകാരുണ്യ സാന്നിധ്യത്തില്‍ ഒരേസമയം നാലുപേര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന ചെറിയ ആരാധനാമുറിയുണ്ട്. മധ്യഭാഗത്ത് സ്വകാര്യമായി കുമ്പസാരിക്കുന്നതിനുള്ള സൗകര്യവും മുന്‍ഭാഗത്ത് ഡ്രൈവര്‍ സീറ്റുമാണ് ഒരുക്കിയിരിക്കുന്നത്.

2026 ഓഗസ്റ്റ് 20-ന് മൊണ്ടെറെ ആര്‍ച്ച്ബിഷപ്പ് റോജെലിയോ കബ്രേര ലോപ്പസ് സഞ്ചരിക്കുന്ന ചാപ്പല്‍ ആശീര്‍വദിച്ചു.

ദൈവാലയങ്ങള്‍ ലഭ്യമല്ലാത്ത പ്രദേശങ്ങള്‍ക്കു പുറമേ ആശുപത്രികള്‍, ദുരന്തബാധിത മേഖലകള്‍, സുവിശേഷീകരണ പരിപാടികള്‍, ധ്യാനങ്ങള്‍ തുടങ്ങിയ വിവിധ സാഹചര്യങ്ങളിലും ഈ മൊബൈല്‍ ചാപ്പലിന്റെ സേവനം പ്രയോജനപ്പെടുത്താനാണ് പദ്ധതി.

'ജനങ്ങള്‍ ദൈവാലയത്തിലേക്ക് എത്തുന്നതു മാത്രം കാത്തിരിക്കാതെ, ദൈവാലയം ജനങ്ങളിലേക്ക് എത്തുന്നു' എന്ന ആശയമാണ് ഈ പദ്ധതിയിലൂടെ മൊണ്ടെറെ അതിരൂപത പ്രാവര്‍ത്തികമാക്കുന്നത്. വിശ്വാസികളില്‍ നിന്നും മികച്ച പ്രതികരണമാണ് ഈ വ്യത്യസ്തമായ സുവിശേഷീകരണ സംരംഭത്തിന് ലഭിക്കുന്നത്.