ഇന്ത്യന്‍ സെക്യൂരിറ്റികളിലെ യു.എസ് പോര്‍ട്ട്ഫോളിയോ നിക്ഷേപം 2025 അവസാനത്തോടെ 390 ബില്യണ്‍ ഡോളറായി ഉയര്‍ന്നു: യു.എസ് ട്രഷറി

By: 600002 On: Sep 3, 2026, 10:04 AM



പി പി ചെറിയാന്‍

വാഷിങ്ടണ്‍: ഇന്ത്യന്‍ സെക്യൂരിറ്റികളിലെ യു.എസ് പോര്‍ട്ട്ഫോളിയോ നിക്ഷേപം 2025 അവസാനത്തോടെ 390 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായി യു.എസ് ട്രഷറി വകുപ്പിന്റെ പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു. യു.എസ് പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന പ്രധാന വിദേശ രാജ്യങ്ങളില്‍ ഇന്ത്യ മുന്‍നിരയില്‍ തുടരുകയാണ്.

ആഗസ്റ്റ് 31-ന് പുറത്തിറക്കിയ 'പ്രിമിനറി ആനുവല്‍ റിപ്പോര്‍ട്ട് ഓണ്‍ യു.എസ് പോര്‍ട്ട്ഫോളിയോ ഹോള്‍ഡിങ്‌സ് ഓഫ് ഫോറിന്‍ സെക്യൂരിറ്റീസ് അറ്റ് ഇയര്‍-എന്‍ഡ് 2025' എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. യു.എസ് ട്രഷറി വകുപ്പും ന്യൂയോര്‍ക്ക് ഫെഡറല്‍ റിസര്‍വ് ബാങ്കും ഫെഡറല്‍ റിസര്‍വ് സിസ്റ്റം ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സും ചേര്‍വാണ് ഈ സര്‍വേ നടത്തിയത.്

കൂടുതല്‍ യു.എസ് പോര്‍ട്ട്ഫോളിയോ നിക്ഷേപം ആകര്‍ഷിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇന്ത്യ 12-ാം സ്ഥാനത്താണ്. 2024 അവസാനം 383 ബില്യണ്‍ ഡോളറായിരുന്ന നിക്ഷേപം 7 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 390 ബില്യണ്‍ ഡോളറിലെത്തി. ഇത് ഏകദേശം 1.8 ശതമാനത്തിന്റെ വര്‍ധനവാണ് കാണിക്കുന്നത്.

ഇന്ത്യയിലെ യു.എസ് നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും ഓഹരികളിലാണ്. 2025 അവസാനത്തോടെ അമേരിക്കന്‍ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ 380 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു (മുന്‍വര്‍ഷം ഇത് 373 ബില്യണ്‍ ഡോളര്‍ ആയിരുന്നു). ഇന്ത്യന്‍ ദീര്‍ഘകാല കടപ്പത്രങ്ങളിലെ നിക്ഷേപം 10 ബില്യണ്‍ ഡോളറില്‍ നിന്ന് 11 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഹ്രസ്വകാല കടപ്പത്രങ്ങളിലെ നിക്ഷേപം 500 ദശലക്ഷം ഡോളറില്‍ താഴെയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഫാക്ടറികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ ഫിസിക്കല്‍ ആസ്തികളിലെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ (എഫ്.ഡി.ഐ) ഇതില്‍ ഉള്‍പ്പെടുന്നില്ല. യു.എസ് നിക്ഷേപകര്‍ കൈവശം വച്ചിരിക്കുന്ന ഇന്ത്യന്‍ സെക്യൂരിറ്റികളുടെ വിപണി മൂല്യമാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ചൈനയെ പിന്തള്ളിയാണ് നിക്ഷേപത്തില്‍ ഇന്ത്യ മുന്നിലെത്തിയത്. അമേരിക്കന്‍ പോര്‍ട്ട്ഫോളിയോ നിക്ഷേപം ചൈനയില്‍ 318 ബില്യണ്‍ ഡോളറാണ്. ദക്ഷിണ കൊറിയ (384 ബില്യണ്‍ ഡോളര്‍) ഇന്ത്യക്ക് തൊട്ടുപിന്നിലുണ്ട്. കെയ്മാന്‍ ഐലന്‍ഡ്‌സ് (3.07 ട്രില്യണ്‍ ഡോളര്‍), യുകെ (2.01 ട്രില്യണ്‍ ഡോളര്‍), കാനഡ (1.89 ട്രില്യണ്‍ ഡോളര്‍) എന്നിവയാണ് യു.എസ് പോര്‍ട്ട്ഫോളിയോ നിക്ഷേപം ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച മറ്റ് രാജ്യങ്ങള്‍.

മൊത്തത്തില്‍, വിദേശ സെക്യൂരിറ്റികളിലെ യു.എസ് പോര്‍ട്ട്ഫോളിയോ നിക്ഷേപത്തിന്റെ മൂല്യം മുന്‍വര്‍ഷത്തെ 15.8 ട്രില്യണ്‍ ഡോളറില്‍ നിന്ന് 2025 അവസാനത്തോടെ 19.3 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.