43 ലക്ഷം ഡോളര്‍ തട്ടിപ്പ്; ബ്രാംപ്ടണിലെ മുന്‍ അഭിഭാഷകന്‍ അറസ്റ്റില്‍

By: 600002 On: Sep 3, 2026, 9:46 AM



 

പ്രസാദ് തീയാടിക്കല്‍

ബ്രാംപ്ടണ്‍: കാനഡയിലെ ബ്രാംപ്ടണില്‍ 4.3 മില്യണ്‍ കനേഡിയന്‍ ഡോളറിന്റെ (ഏകദേശം 43 ലക്ഷം ഡോളര്‍) തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ മുന്‍ അഭിഭാഷകന്‍ പവന്‍ജീത് സിങ് മാന്‍ (52) നിരവധി ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്നു.

പീല്‍ റീജിയണല്‍ പൊലീസിന്റെ അന്വേഷണത്തില്‍, നിയമ ഇടപാടുകളുമായും അഭിഭാഷക ട്രസ്റ്റ് അക്കൗണ്ടുകളുമായും ബന്ധപ്പെട്ട നാല് വ്യത്യസ്ത മോര്‍ട്ട്‌ഗേജ്, ചെക്ക് തട്ടിപ്പ് പദ്ധതികളിലൂടെയാണ് വന്‍തുക നഷ്ടപ്പെടുത്തിയതെന്നാണ് ആരോപണം.

2026 ഓഗസ്റ്റ് 21-ന് മാന്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. 5,000 ഡോളറിന് മുകളിലുള്ള തട്ടിപ്പ്, കുറ്റകൃത്യത്തിലൂടെ ലഭിച്ച സ്വത്ത് കൈവശം വയ്ക്കല്‍, ക്രിമിനല്‍ വിശ്വാസവഞ്ചന, വ്യാജരേഖകള്‍ ഉപയോഗിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

മാന്റെ ഒന്റാറിയോയിലെ അഭിഭാഷക ലൈസന്‍സ് 2025 ജൂലൈയില്‍ റദ്ദാക്കിയിരുന്നു.

ഈ കേസില്‍ കൂടുതല്‍ ആളുകള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സമാന രീതിയില്‍ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുള്ളവര്‍ പീല്‍ റീജിയണല്‍ പൊലീസിന്റെ ഫ്രോഡ് ബ്യൂറോയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.