മാസം 14,000 കനേഡിയൻ ഡോളർ ശമ്പളം! ലോകം ചുറ്റി ഐസ്ക്രീം കഴിക്കാം.  'സ്വപ്ന ജോലി' വാഗ്ദാനം ചെയ്ത് സ്നൂപ് ഡോഗ്

By: 600110 On: Sep 2, 2026, 1:49 PM

ഐസ്ക്രീം കഴിച്ച് വിവിധ രാജ്യങ്ങൾ ചുറ്റിക്കറങ്ങാൻ ഒരു അവസരം കിട്ടിയാൽ ആരാണ് വേണ്ടെന്ന് വെക്കുക? പോരാത്തതിന് മാസം ലക്ഷക്കണക്കിന് രൂപ ശമ്പളവും. കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നാമെങ്കിലും സംഗതി സത്യമാണ്. പ്രശസ്ത അമേരിക്കൻ റാപ്പറും പ്രമുഖ വ്യവസായിയുമായ സ്നൂപ് ഡോഗ് തന്റെ ഐസ്ക്രീം ബ്രാൻഡിനായി ഒരു 'ഇന്റർനാഷണൽ ഐസ്ക്രീം ടേസ്റ്ററെ'  തിരയുകയാണ്. മാസം 10,000 യു.എസ് ഡോളറാണ്  ശമ്പളം. സാധാരണക്കാർക്ക് സങ്കൽപ്പിക്കാൻ പോലുമാകാത്ത ഈ 'സ്വീറ്റ് ജോബ്' വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

2023-ൽ മകൻ കോർഡെൽ ബ്രോഡസുമായി ചേർന്ന് സ്നൂപ് ഡോഗ് തുടക്കമിട്ട 'ഡോക്ടർ ബോംബെ' എന്ന ജനപ്രിയ ഐസ്ക്രീം ബ്രാൻഡിലേക്കാണ് ഈ അപൂർവ്വ നിയമനം. ടിക് ടോക്കിലൂടെ സ്നൂപ് ഡോഗ് നേരിട്ടാണ് ഈ കിടിലൻ അവസരത്തെക്കുറിച്ച് ലോകത്തോട് പറഞ്ഞത്.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് പുതിയ ഐസ്ക്രീം രുചികളും തരംഗങ്ങളും കണ്ടെത്തി കമ്പനിക്ക് റിപ്പോർട്ട് നൽകുകയാണ് ഈ  പ്രധാന ജോലി. ആഗോള തൊഴിൽ പ്ലാറ്റ്‌ഫോമായ 'ഡീൽ' വഴിയാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. പാസ്‌പോർട്ടും ഐസ്ക്രീമിനോട് തീരാത്ത പ്രണയവുമുള്ള ലോകത്തിന്റെ ഏത് കോണിലുള്ളവർക്കും അപേക്ഷിക്കാം. വലിയ പാചക ബിരുദങ്ങളേക്കാൾ രുചികളോടുള്ള താല്പര്യവും ട്രെൻഡുകൾ തിരിച്ചറിയാനുള്ള കഴിവുമാണ് കമ്പനി പ്രധാനമായും പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയെ സ്നൂപ് ഡോഗ് നേരിട്ട് ഫോണിൽ വിളിച്ച് സർപ്രൈസ് ആശംസകൾ അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.