ഫെഡറൽ ഇന്ധന നികുതി ഇളവ് അവസാനിക്കുന്നു; കാലാവധി നീട്ടണമെന്ന ആവശ്യവുമായി പ്രതിപക്ഷം

By: 600110 On: Sep 2, 2026, 1:43 PM

 

കാനഡയിലെ ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച ഇന്ധന എക്സൈസ് നികുതി ഇളവിന്റെ കാലാവധി സെപ്റ്റംബർ 7 ന്  അവസാനിക്കാനിരിക്കെ, ഇളവ് നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. അന്താരാഷ്ട്ര തലത്തിൽ എണ്ണവില വർധിച്ചതിനെത്തുടർന്ന് കനേഡിയൻ ജനതയ്ക്ക് ആശ്വാസമേകാനായി ഏപ്രിൽ മുതലാണ് പെട്രോളിന് ലിറ്ററിന് 10 സെന്റും ഡീസലിന് 4 സെന്റും വീതം  സർക്കാർ നികുതി ഇളവ് അനുവദിച്ചത്. എന്നാൽ നിലവിൽ ടൊറന്റോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്ധനവില വീണ്ടും ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ഇളവ് പിൻവലിക്കുന്നത് ജനങ്ങൾക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നാണ് വിലയിരുത്തൽ.

ഇന്ധന നികുതി ഇളവ് കുറഞ്ഞത് 2027 ജനുവരി വരെയെങ്കിലും നീട്ടണമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലീവ് ഇളവ് 2027 ജൂലൈ വരെ നീട്ടണമെന്നാണ് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സാധാരണക്കാരായ കുടുംബങ്ങൾക്ക് വൻ തുക ലാഭിക്കാൻ സഹായിക്കുന്ന ഈ ആശ്വാസ പദ്ധതി പെട്ടെന്ന് അവസാനിപ്പിക്കുന്നത് ജീവിതച്ചെലവ് ക്രമാതീതമായി ഉയർത്തുമെന്ന് കനേഡിയൻ ടാക്സ് പേയേഴ്സ് ഫെഡറേഷനും വ്യക്തമാക്കുന്നു.
അതേസമയം, കാലാവധി നീട്ടുന്ന കാര്യത്തിൽ ഫെഡറൽ സർക്കാർ ഇതുവരെ വ്യക്തമായ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. പൊതുജനങ്ങളുടെയും ബിസിനസ് മേഖലയുടെയും സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുള്ള പുതിയ പ്രഖ്യാപനങ്ങൾ ഉടനുണ്ടാകുമെന്ന് ധനകാര്യ മന്ത്രാലയം സൂചന നൽകിയിട്ടുണ്ട്.