വാൻകൂവറിലെ മാർപോളിൽ വഴിയാത്രക്കാരിയായ സ്ത്രീക്കു നേരെ ക്രൂരമായ അക്രമം. ഓഗസ്റ്റ് 27-ന് പുലർച്ചെ 1:30-ഓടെയാണ് സംഭവം. ഗ്രാൻവില്ലെ സ്ട്രീറ്റിൻ്റെ 8600 ബ്ലോക്കിലെ റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയെ അപരിചിതനായ ഒരാൾ സമീപിക്കുകയും മുഖത്തടിച്ച ശേഷം ഹാൻഡ് ബാഗ് കവർന്നു കടന്നുകളയുകയുമായിരുന്നു. അക്രമിയും ഇരയായ സ്ത്രീയും തമ്മിൽ മുൻപരിചയമൊന്നുമില്ലെന്ന് വാൻകൂവർ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
വിവരമറിഞ്ഞ് പോലീസെത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ യുവതിയുടെ ഫോൺ സമീപപ്രദേശത്തുനിന്ന് കണ്ടെത്തി. മൂക്കിന് പരിക്കേറ്റ സ്ത്രീക്ക് ബ്രിട്ടീഷ് കൊളംബിയ എമർജൻസി ഹെൽത്ത് സർവീസസിലെ പാരാമെഡിക്കൽ സംഘം സംഭവസ്ഥലത്തുവെച്ച് തന്നെ പ്രാഥമിക ചികിത്സ നൽകി.
സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
ഓഗസ്റ്റ് 27-ന് പുലർച്ചെ ഒരു മണിക്കും രണ്ട് മണിക്കും ഇടയിൽ ഗ്രാൻവില്ലെ സ്ട്രീറ്റ്, എസ്.ഡബ്ല്യു മറൈൻ ഡ്രൈവ് എന്നീ ഭാഗങ്ങളിലൂടെ വാഹനമോടിച്ചവർ തങ്ങളുടെ ഡാഷ്‌ക്യാം ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. വിവരങ്ങളോ വീഡിയോ ദൃശ്യങ്ങളോ കൈവശമുള്ളവർ വാൻകൂവർ പോലീസിനെയോ (604-717-3321) ക്രൈം സ്റ്റോപ്പേഴ്‌സിനെയോ (1-800-222-TIPS) അറിയിക്കണം. അടുത്തിടെയായി വാൻകൂവറിൽ സമാനമായ അക്രമസം സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ സംഭവവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.