കാനഡ ഉപതെരഞ്ഞെടുപ്പ്: മൂന്ന് സീറ്റുകളിലും ലിബറൽ പാർട്ടിക്ക് തകർപ്പൻ വിജയം; കൺസർവേറ്റീവുകൾക്ക് തിരിച്ചടി

By: 600110 On: Sep 2, 2026, 11:16 AM

കാനഡ ഉപതെരഞ്ഞെടുപ്പ്: മൂന്ന് സീറ്റുകളിലും ലിബറൽ പാർട്ടിക്ക് തകർപ്പൻ വിജയം; കൺസർവേറ്റീവുകൾക്ക് തിരിച്ചടി

കാനഡയിൽ നടന്ന മൂന്ന് ഫെഡറൽ ഉപതെരഞ്ഞെടുപ്പുകളിലും ഭരണകക്ഷിയായ ലിബറൽ പാർട്ടിക്ക് വൻ വിജയം. ഇതോടെ പാർലമെൻ്റിലെ ഭൂരിപക്ഷം ലിബറൽ പാർട്ടി ഒന്നുകൂടി ഉറപ്പിച്ചു. 2018 മുതൽ കൺസർവേറ്റീവ് പാർട്ടിയുടെ കൈവശമിരുന്ന സുപ്രധാനമായ ഒരു സീറ്റ് പിടിച്ചെടുക്കാനും ലിബറലുകൾക്ക് സാധിച്ചു.

അതേസമയം, മൂന്ന് സീറ്റുകളിലും കൺസർവേറ്റീവ് പാർട്ടിക്ക് കടുത്ത തിരിച്ചടിയാണ് നേരിട്ടത്. പ്രത്യേകിച്ച്  Chicoutimi-Le Fjord മണ്ഡലത്തിൽ അവർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടൊറൻ്റോയിലെ ബീച്ചസ്-ഈസ്റ്റ് യോർക്ക് മണ്ഡലത്തിൽ ലിബറൽ സ്ഥാനാർത്ഥി തൻവീർ ഷാ നവാസ് വിജയിച്ചു. മുൻ മന്ത്രി നേറ്റ് എർസ്കൈൻ-സ്മിത്ത് ഒഴിഞ്ഞതിനെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. നോർത്ത്-വാങ്കൂവർ കാപ്പിലാനോയിൽ പ്രമുഖ ലിബറൽ നേതാവ് ബ്രേഡൻ കാലെ വിജയിച്ചു. ക്യൂബെക്കിലെ Chicoutimi-Le Fjord മണ്ഡലത്തിൽ  മുൻ ക്ഷീരകർഷക ഫെഡറേഷൻ നേതാവും കർഷകനുമായ ഡാനിയൽ ഗോബെയിൽ ആണ് ലിബറൽ ടിക്കറ്റിൽ ജയിച്ചത്. ടൊറൻ്റോ സീറ്റിൽ ഇത്തവണ വോട്ട് വിഹിതം മൂന്നിരട്ടിയോളം വർധിപ്പിച്ച് രണ്ടാം സ്ഥാനത്തെത്താൻ ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്ക് സാധിച്ചു.ക്യൂബെക് മേഖലയിൽ കൺസർവേറ്റീവുകൾ പ്രസക്തരല്ലാതായെന്നും, അവിടെ പോരാട്ടം ലിബറലുകളും ബ്ലോക്ക് ക്യൂബെക്വയും തമ്മിലാണെന്നും പാർട്ടി നേതാവ് യീവ് ഫ്രാൻഷ്വാ ബ്ലാങ്കറ്റ് പ്രസ്താവിച്ചു.

അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്. കാർണി സർക്കാരിൻ്റെ സാമ്പത്തിക-വ്യാപാര നയങ്ങളിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിൻ്റെ തെളിവാണ് ഈ വിജയമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.