കാൽഗറിയിൽ ഭവന വിൽപ്പനയിൽ 16 ശതമാനം ഇടിവ്; വിലയിലും കുറവ്

By: 600110 On: Sep 2, 2026, 11:13 AM

 

കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് കൽഗറിയിലെ ഭവന വിൽപ്പനയിൽ 16.4 ശതമാനത്തിൻ്റെ കുറവ് രേഖപ്പെടുത്തി. ഇതിനൊപ്പം വീടുകളുടെ ശരാശരി വിലയിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പുതിയ ലിസ്റ്റിംഗുകളിൽ 9.7 ശതമാനത്തിൻ്റെ കുറവുണ്ടായി.നിലവിൽ വിപണിയിൽ വിൽപ്പനയ്ക്കുള്ള വീടുകളുടെ ആകെ എണ്ണം 2.3 ശതമാനം കുറഞ്ഞ് 6,509 ആയിട്ടുണ്ട്.

കൽഗറി റിയൽ എസ്റ്റേറ്റ് ബോർഡിൻ്റെ (CREB) കണക്കനുസരിച്ച് കഴിഞ്ഞ മാസം 1,660 വീടുകളാണ് വിറ്റഴിഞ്ഞത്. വീടുകളുടെ ശരാശരി വില 1.1 ശതമാനം കുറഞ്ഞ് 5,69,800 കനേഡിയൻ ഡോളറിലെത്തി. അപ്പാർട്ട്മെൻ്റുകളുടെ വിലയിൽ 8.2 ശതമാനത്തിൻ്റെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്.2,95,400 ഡോളറാണ് ശരാശരി വില. റോ-സ്റ്റൈൽ വീടുകളുടെ വിലയിൽ 5.4 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോൾ ശരാശരി വില 4,15,200 ഡോളറായി കുറഞ്ഞു. ഡിറ്റാച്ച്ഡ് വീടുകളുടെ വിലയിലും 1.1 ശതമാനം കുറവ് രേഖപ്പെടുത്തി. ശരാശരി വില 7,44,300 ഡോളറായി കുറഞ്ഞു. 

വിലകൂടിയ വീടുകളുടെ വിപണിയിൽ വില്പന നടക്കുന്നുണ്ടെങ്കിലും, കുറഞ്ഞ നിരക്കിലുള്ള വീടുകളുടെ മേഖലയിൽ  പ്രതീക്ഷിച്ച ഉണർവ് ഉണ്ടാകുന്നില്ലെന്ന് റിയൽ എസ്റ്റേറ്റ് ബോർഡ് ചീഫ് ഇക്കണോമിസ്റ്റ് ആൻ-മാരി ലൂറി പറഞ്ഞു. വാടക വീടുകൾ എളുപ്പത്തിൽ ലഭ്യമാകുന്ന സാഹചര്യമുള്ളതിനാൽ ആളുകൾ സ്വന്തമായി വീട് വാങ്ങാൻ ധൃതി കൂട്ടാത്തതാണ് ഇതിന് പ്രധാന കാരണം.