ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നാളെ അര്‍ധരാത്രി മുതല്‍ നടത്താന്‍ നിശ്ചയിച്ച 48 മണിക്കൂര്‍ പണിമുടക്കില്‍ മാറ്റമില്ല. ശമ്പള പരിഷ്‌കരണം സംബന്ധിച്ച് മന്ത്രി തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് സമരവുമായി മുന്നോട്ടുപോകാന്‍ കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.
ശമ്പള സ്‌കെയില്‍ സംബന്ധിച്ച തര്‍ക്കമാണ് സമരത്തിന് കാരണം. നിലവിലുള്ള 2011 ലെ ശമ്പള സ്‌കെയില്‍ 8730 രൂപയില്‍ തുടങ്ങി 42,460 അവസാനിക്കുന്നതാണ്. ( 58 വര്‍ഷത്തെ സര്‍വീസ് കണക്കാക്കിയാണ് മാസ്റ്റര്‍ സ്‌കെയില്‍ നിശ്ചയിക്കുന്നത് ). പരിഷ്‌കരണത്തിനായി 3 യൂണിയനുകളും നല്‍കിയിട്ടുള്ള ശമ്പള സ്‌കെയില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സ്‌കെയിലിനു തുല്യമായതാണ്. 23700 രൂപയില്‍ തുടങ്ങി 166800 രൂപയില്‍ അവസാനിക്കുന്നതാണ് ഈ സ്‌കെയില്‍ . സര്‍ക്കാരില്‍ 11-ാം ശമ്പളപരിഷ്‌കരണം നടന്നപ്പോള്‍ കെഎസ്ആര്‍ടിസിയില്‍ ഇപ്പോഴും വാങ്ങുന്നത് 9-ാം ശമ്പള കമ്മിഷന്‍ പ്രകാരമുള്ള തുകയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ സ്‌കെയിലിന് തുല്യമായി ശമ്പളം പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ചര്‍ച്ചയില്‍ മുന്നോട്ടുവച്ച സ്‌കെയില്‍ 20000 രൂപയില്‍ തുടങ്ങി 90,000 രൂപയില്‍ എത്തുന്നതാണ്. ഇത് യൂണിയനുകള്‍ അംഗീകരിച്ചില്ല. 1000-1500 രൂപയുടെ വര്‍ധന മാത്രമേ ഇതിലൂടെയുണ്ടാകൂ എന്നാണ് യൂണിയനുകളുടെ നിലപാട്.
Content highlight: ksrtc strike in kerala