പ്രസാദ് തീയാടിക്കല്‍
ന്യൂയോര്‍ക്ക്: ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ പട്ടാപ്പകല്‍ നടന്ന കത്തിക്കുത്തില്‍ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് എറിന്‍ പിയാസെന്റി (32) കൊല്ലപ്പെട്ടു. ഓഗസ്റ്റ് 31 തിങ്കളാഴ്ച വൈകിട്ട് ഏകദേശം 4.24-ഓടെ വെസ്റ്റ് 42-ാം സ്ട്രീറ്റ്‌സെവന്‍ത് അവന്യൂ പരിസരത്തായിരുന്നു സംഭവം.
ബാങ്ക് ഓഫ് അമേരിക്കയിലെ Business Selection and Conflicts വിഭാഗത്തില്‍ വൈസ് പ്രസിഡന്റായിരുന്നു എറിന്‍. ആക്രമണത്തില്‍ വയറിന് ഗുരുതരമായി കുത്തേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ന്യൂജേഴ്‌സിയിലെ ചെസ്റ്റര്‍ സ്വദേശിനിയായിരുന്നു എറിന്‍.
പമേല സിസ്‌നെറോസ് (49) എന്ന ക്വീന്‍സ് സ്വദേശിനിയാണ് ആക്രമണം നടത്തിയതെന്ന് ന്യൂയോര്‍ക്ക് പോലീസ് അറിയിച്ചു. രണ്ട് വലിയ കത്തികളുമായെത്തിയ ഇവര്‍ ആദ്യം 68 വയസ്സുള്ള ഒരാളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും തുടര്‍ന്ന് എറിനെ ആക്രമിക്കുകയും ചെയ്തതായാണ് പോലീസ് പറയുന്നത്. ആക്രമണങ്ങള്‍ യാതൊരു പ്രകോപനവുമില്ലാതെ യാദൃച്ഛികമായി നടന്നതാണെന്ന് NYPD കമ്മീഷണര്‍ ജെസിക്ക ടിഷ് വ്യക്തമാക്കി. പരിക്കേറ്റ 68 വയസ്സുകാരന്‍ ആശുപത്രിയില്‍ സ്ഥിരതയുള്ള നിലയിലാണ്.
ആക്രമണത്തിനു ശേഷം രണ്ട് കത്തികളുമായി പോലീസിന് നേരെ നീങ്ങിയ പമേലയോട് ആയുധങ്ങള്‍ താഴെയിടാന്‍ ഉദ്യോഗസ്ഥര്‍ പലതവണ ആവശ്യപ്പെട്ടു. ടേസര്‍ പ്രയോഗിച്ചിട്ടും ഇവരെ തടയാന്‍ കഴിയാതെ വന്നതോടെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പമേല പിന്നീട് ആശുപത്രിയില്‍ മരിച്ചു.
എറിന്റെ മരണത്തില്‍ ബാങ്ക് ഓഫ് അമേരിക്ക അഗാധമായ ദുഃഖം രേഖപ്പെടുത്തി. തങ്ങളുടെ ഏറെ വിലമതിക്കപ്പെട്ട സഹപ്രവര്‍ത്തകയെയാണ് നഷ്ടപ്പെട്ടതെന്നും അവരുടെ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു.
എറിന്റെ വ്യക്തിത്വം സംബന്ധിച്ച വിവരം Bloomberg News ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് Reuters ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങള്‍ വാര്‍ത്ത സ്ഥിരീകരിച്ചു.