മോഷ്ടാക്കൾക്ക് മുന്നിൽ വിചിത്രമായൊരു ഓഫറുമായി പ്രമുഖ അമേരിക്കൻ ബിയർ നിർമ്മാണ കമ്പനി! മോഷ്ടിച്ച ബിയർ തിരികെ നല്കിയാൽ ഒരു നടപടിയുമുണ്ടാകില്ലെന്ന സൂചനയോടെ കമ്പനി പുറത്ത് വിട്ട ഇൻസ്റ്റാഗ്രാം പോസ്റ്റ് ശ്രദ്ധ നേടുകയാണ്. അമേരിക്കയിലെ കാലിഫോർണിയയിൽ നിന്ന് 40,000 പൗണ്ട് ഭാരമുള്ള ബിയർ കവർച്ച ചെയ്യപ്പെട്ടതിന് പിന്നാലെയാണ് 'പബ്സ്റ്റ് ബ്ലൂ റിബൺ' (PBR) എന്ന കമ്പനി ഇൻസ്റ്റാഗ്രാമിലൂടെ ഈ ഓഫർ മുന്നോട്ടുവെച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് 17-നാണ് മോണ്ട്ക്ലെയറിലെ വിതരണ കേന്ദ്രത്തിൽ നിന്ന് സംഘം ബിയർ കടത്തിക്കൊണ്ടുപോയത്. 33,000-ത്തിലധികം കാനുകൾ അടങ്ങിയ 1,602 ബോക്സ് ബിയറാണ് നഷ്ടപ്പെട്ടത്. "ബിയർ തിരികെ തരികയാണെങ്കിൽ യാതൊരു ചോദ്യവും ചോദിക്കില്ല" എന്ന് പറഞ്ഞ കമ്പനി, വിവരം നൽകുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ബിയർ തിരികെ നൽകാൻ 18 ദിവസവും 44 മിനിറ്റും സമയമാണ് കമ്പനി മോഷ്ടാക്കൾക്ക് നൽകിയിരിക്കുന്നത്.
അതേസമയം, കമ്പനി ചോദ്യങ്ങൾ ചോദിച്ചില്ലെങ്കിലും പോലീസും കോടതിയും മോഷ്ടാക്കളെ വെറുതെ വിടില്ല. ക്രിമിനൽ കേസുകളിൽ നടപടിയെടുക്കാനുള്ള അധികാരം സർക്കാരിനും പ്രോസിക്യൂഷനുമായതിനാൽ, ബിയർ തിരികെ നൽകിയാലും മോഷ്ടാക്കൾക്ക് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്ന് നിയമവിദഗ്ദ്ധർ വ്യക്തമാക്കുന്നു.