എഐ ഡാറ്റാ സെൻ്ററുകൾക്കായുള്ള കൂളിംഗ് സാങ്കേതികവിദ്യാരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കി കാനഡയിലെ പ്രമുഖ ടെക് കമ്പനിയായ 'കൂൾഐടി സിസ്റ്റംസ്' (CoolIT Systems). $6.6 ബില്യൺ ഡോളറിൻ്റെ ഏറ്റെടുക്കലിന് ശേഷം കാൽഗറി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി നൂറുകണക്കിന് പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്.
25 വർഷം മുമ്പ് ഒരു ചെറിയ ഗാരേജിൽ ഗെയിമിംഗ് കമ്പ്യൂട്ടറുകൾക്കുള്ള കൂളിംഗ് സിസ്റ്റങ്ങൾ നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ച കമ്പനിയാണ് 'കൂൾഐടി സിസ്റ്റംസ്'. ഇന്ന് ലോകമെമ്പാടുമുള്ള പ്രമുഖ സൂപ്പർ കമ്പ്യൂട്ടറുകൾക്കും എഐ ഡാറ്റാ സെൻ്ററുകൾക്കും ദ്രാവകം ഉപയോഗിച്ചുള്ള ലിക്വിഡ് കൂളിംഗ് സംവിധാനങ്ങൾ നൽകുന്നതിൽ ആഗോളതലത്തിൽ തന്നെ മുന്നിലാണ് 'കൂൾഐടി സിസ്റ്റംസ്'.
അതിവേഗം വളരുന്ന എഐ കമ്പ്യൂട്ടറുകൾ ഉൽപ്പാദിപ്പിക്കുന്ന വൻതോതിലുള്ള ചൂട് നിയന്ത്രിക്കാൻ ഇത്തരം കൂളിംഗ് സിസ്റ്റങ്ങൾ അത്യന്താപേക്ഷിതമാണ്. കമ്പനിയുടെ വളർച്ചയുടെ ഭാഗമായി എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ്, റിസേർച്ച് മേഖലകളിൽ പുതിയ ജോലി ഒഴിവുകൾ വരുന്നത് കാൽഗറിയുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ കരുത്താകും. കാനഡയിലും വിദേശത്തും ഉൽപ്പാദനം വർദ്ധിപ്പിക്കാൻ പദ്ധതിയുണ്ടെങ്കിലും കാൽഗറി തന്നെ കമ്പനിയുടെ പ്രധാന കേന്ദ്രമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.