കാനഡയുമായുള്ള വ്യാപാര തർക്കവും തീരുവ യുദ്ധവും മുറുകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച എഐ വീഡിയോ വൻ വിവാദത്തിലേക്ക്. ട്രംപിൻ്റെ പ്രശസ്തമായ കേശാലങ്കാരമുള്ളവയും, മനുഷ്യന്റേതിന് സമാനമായ കൈകളിൽ തോക്കുകൾ ഏന്തിയതുമായ കനേഡിയൻ ഗീസ് 'ലേക്ക് അമേരിക്ക' എന്ന് പുനർനാമകരണം ചെയ്ത തടാകം സംരക്ഷിക്കുന്ന രീതിയിലാണ് ഈ വിചിത്ര വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. അടുത്തിടെ അമേരിക്കയും കാനഡയും തമ്മിൽ അതിർത്തിയിലുള്ള തടാകമായ 'ലേക്ക് ഒൻ്റാരിയോ'യുടെ പേര് 'ലേക്ക് അമേരിക്ക' എന്ന് മാറ്റി അമേരിക്കൻ ഭരണകൂടം ഉത്തരവിറക്കിയിരുന്നു. കാനഡയുമായുള്ള സാമ്പത്തിക ബന്ധങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നായിരുന്നു ട്രംപിൻ്റെ വിശദീകരണം. എന്നാൽ ഈ പേരുമാറ്റത്തെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും പ്രാദേശിക ഭരണാധികാരികളും ശക്തമായി തള്ളിക്കളഞ്ഞു. ഇതിന് പിന്നാലെയാണ് കാനഡയെയും അവരെ പിന്തുണയ്ക്കുന്നവരെയും പരിഹസിക്കുന്ന തരത്തിൽ തോക്കേന്തിയ വാത്തകളുടെ സാങ്കൽപ്പിക സൈന്യത്തെ ട്രംപ് വീഡിയോയിലൂടെ അവതരിപ്പിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി തർക്കങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തലവൻ്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം ബാലിശമായ പ്രവർത്തികൾക്കെതിരെ വലിയ വിമർശനമാണ് ഉയർന്നുവരുന്നത്. അടുത്തിടെ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ അമേരിക്ക 50 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തിയതും കാനഡ തിരിച്ചടിച്ചതും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാക്കിയിട്ടുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള ഗുരുതരമായ വ്യാപാര പ്രശ്നങ്ങളെ ട്രംപ് പരിഹാസ രൂപേണ കാണുന്നത് അമേരിക്കൻ ആഗോള നയതന്ത്രത്തിന് തന്നെ തിരിച്ചടിയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.