ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്ന പാസഡീന മലയാളി അസോസിയേഷന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി

By: 600002 On: Sep 1, 2026, 9:13 AM



 

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന പസഡീന മലയാളി അസോസിയേഷന്‍ (PMA)ന്റെ ഓണാഘോഷം വിവിധ കലാപരിപാടികളോടെ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. ആഗസ്റ്റ് 29 ശനിയാഴ്ച രാവിലെ ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ച് ഹാളില്‍ നടന്ന ആഘോഷത്തില്‍ നിരവധി കുടുംബങ്ങളും അംഗങ്ങളും പങ്കെടുത്തു.

നൃത്തചുവടുകളുമായി മാവേലിയുടെ എഴുന്നള്ളത്ത്, താലപ്പൊലി, വെഞ്ചാമരം, മുത്തുക്കുടകള്‍, പുലികളി, ചെണ്ടമേളം തുടങ്ങിയ പരമ്പരാഗത ഓണക്കാഴ്ചകള്‍ ആഘോഷത്തിന് വര്‍ണപ്പകിട്ടേകി. തിടമ്പും വെഞ്ചാമരങ്ങളും കുടകളും ചൂടിയ ഗജവീരന്മാരുടെ കട്ട്ഔട്ടുകളും വേദിയുടെയും ആഘോഷപരിസരത്തിന്റെ ആകര്‍ഷണമായി.

വിവിധ നൃത്തപരിപാടികളും സ്‌കിറ്റുകളും ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ സദസ്സിന്റെ കൈയടി നേടി. PMAയുടെ ചുണക്കുട്ടികള്‍ തുഴഞ്ഞ അതിഗംഭീര വള്ളംകളി ഓണാഘോഷത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികളിലൊന്നായി മാറി. ആവേശകരമായ വള്ളംകളി കാണികളെ ഏറെ ആകര്‍ഷിച്ചു.

PMA പ്രസിഡന്റ് റിച്ചാര്‍ഡ് സ്‌കറിയയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷത്തിന്റെ വിജയത്തിനായി സെക്രട്ടറി കൂടിയായ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോമോന്‍ ജേക്കബ്, വൈസ് പ്രസിഡന്റ് ഈശോ അബ്രഹാം, ട്രസ്റ്റി വില്‍സണ്‍ ജോണ്‍ എന്നിവരും കമ്മിറ്റി അംഗങ്ങളായ തോമസ് ഉമ്മന്‍, ജോണ്‍ ജോസഫ്(ബാബു), ഫെലിക്‌സ്, ബ്രൂണോ കൊറേയ, ജോമി, ആന്റണി, റോബിന്‍, ബിജോ ചാക്കോ എന്നിവരും സജീവമായി പ്രവര്‍ത്തിച്ചു.

കമ്മിറ്റി അംഗങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും കൂട്ടായ പരിശ്രമവും അംഗങ്ങളുടെ മികച്ച സഹകരണവുമാണ് ഓണാഘോഷം ഇത്രയും ഗംഭീരമായി നടത്താന്‍ സഹായിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു. കേരളത്തിന്റെ തനത് ഓണക്കാല പാരമ്പര്യങ്ങളും സൗഹൃദവും ഒരുമയും വിളിച്ചോതിയ ആഘോഷം പങ്കെടുത്ത എല്ലാവര്‍ക്കും മറക്കാനാകാത്ത അനുഭവമായി. വിഭവ സമൃദ്ധമായ  ഓണസദ്യ ഏവരും ആസ്വദിച്ചു.