ഡ്യൂട്ടിക്കിടെ മദ്യപിച്ച് വാഹനമോടിച്ച കനേഡിയൻ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷനും പിഴയും

By: 600110 On: Sep 1, 2026, 8:54 AM

 

ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസിലെ  മുതിർന്ന ഉദ്യോഗസ്ഥനായ ക്രിസ്റ്റോഫർ പ്രൂട്ടിനെ  ഡ്യൂട്ടിക്കിടെ അനുവദനീയമായതിലും മൂന്നിരട്ടിയിലധികം അളവിൽ മദ്യപിച്ച് വാഹനമോടിച്ച കേസിൽ കോടതി ശിക്ഷിച്ചു. കുറ്റം സമ്മതിച്ചതിനെത്തുടർന്ന് കോടതി ഇയാൾക്ക് 3,000 കനേഡിയൻ ഡോളർ പിഴ ശിക്ഷ വിധിക്കുകയും രണ്ടു വർഷത്തേക്ക് വാഹനമോടിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. നിലവിൽ ശമ്പളത്തോടുകൂടിയ സസ്പെൻഷനിലുള്ള ഇയാൾക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികളും തുടരുമെന്ന് പൊലീസ് അറിയിച്ചു.

മിഡ്‌ലാൻ്റിലെ സതേൺ ജോർജിയൻ ബേ സ്റ്റേഷനിൽ പെർഫോമൻസ് അവലോകന മീറ്റിംഗിനായി സ്വന്തം ഔദ്യോഗിക പട്രോളിംഗ് വാഹനത്തിൽ സർവീസ് തോക്കുമായാണ് ഉദ്യോഗസ്ഥൻ എത്തിയത്. മീറ്റിംഗിനിടെ ഇയാളിൽ നിന്ന് മദ്യത്തിൻ്റെ രൂക്ഷമായ മണം അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ ശ്വാസപരിശോധനയിലാണ് രക്തത്തിൽ അനുവദനീയമായ പരിധിയുടെ മൂന്നിരട്ടിയോളം ആൽക്കഹോൾ കണ്ടെത്തിയത്. 17 വർഷത്തെ സർവീസ് പാരമ്പര്യമുള്ള ഇയാൾ ജോലിസ്ഥലത്തെ കടുത്ത മാനസിക സമ്മർദ്ദവും  വ്യക്തിജീവിതത്തിലെ അസ്വസ്ഥതകളും മൂലമാണ് മദ്യത്തിന് അടിമയായതെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു.

കോടതിയിൽ താൻ ചെയ്ത തെറ്റിൽ  ഖേദം പ്രകടിപ്പിച്ച ഉദ്യോഗസ്ഥൻ, ഇത്തരം വീഴ്ചകൾ ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകി. എന്നാൽ, ഇത്തരമൊരു അവസ്ഥയിൽ വാഹനമോടിച്ചത് വലിയ ദുരന്തത്തിന് കാരണമാകുമായിരുന്നുവെന്ന്  ജഡ്ജി നിരീക്ഷിച്ചു. നിലവിൽ ലഹരിവിമുക്ത കേന്ദ്രത്തിൽ ചികിത്സ പൂർത്തിയാക്കിയ ഇയാൾ കൗൺസിലിംഗിന് വിധേയനായി വരികയാണ്.