നഗരത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുനൂറ്റമ്പതിലധികം വാഹനങ്ങളിൽ കവർച്ച നടന്നതായി എഡ്മണ്ടൻ പോലീസ്. ഡൗൺടൗൺ, വെസ്റ്റ് ബ്രാഞ്ച് പരിധികളിലായി ആകെ 287 വാഹനങ്ങളാണ് മോഷ്ടാക്കൾ തകർത്തത്. ഇതിൽ 161 കേസുകൾ ഡൗൺടൗണിലും 126 കേസുകൾ വെസ്റ്റ് ബ്രാഞ്ചിലുമാണ് റിപ്പോർട്ട് ചെയ്തത്.
വാഹനങ്ങളിൽ സൂക്ഷിച്ചിരുന്ന പേഴ്സുകൾ, തിരിച്ചറിയൽ രേഖകൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയാണ് പ്രധാനമായും മോഷണം പോയത്. കാറിനുള്ളിൽ സാധനങ്ങൾ പുറത്തു കാണുന്ന രീതിയിൽ വെച്ചിരിക്കുന്നത് കണ്ടാണ് മോഷ്ടാക്കൾ കൂടുതലും എത്തുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ കണക്കുകളനുസരിച്ച് വാഹനങ്ങളിൽ നിന്നുള്ള മോഷണ കേസിൽ 17 ശതമാനം വർധനവുണ്ടായിട്ടുണ്ട്.
ഈ പശ്ചാത്തലത്തിൽ വാഹന ഉടമകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. കാറിൻ്റെ ഡോറുകൾ കൃത്യമായി ലോക്ക് ചെയ്യുകയും ജനലുകൾ പൂർണ്ണമായി അടയ്ക്കുകയും ചെയ്യണം. പണം, ഫോൺ, പേഴ്സ് തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങൾ കാറിനുള്ളിൽ പുറത്തു കാണുന്ന രീതിയിൽ വയ്ക്കരുത്. വെളിച്ചമുള്ള സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യാൻ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.
ചെറിയൊരു ശ്രദ്ധക്കുറവ് വലിയ നഷ്ടത്തിന് കാരണമായേക്കുമെന്ന് വെസ്റ്റ് ബ്രാഞ്ച് സ്റ്റാഫ് സർജൻ്റ് ഷോൺ പാർക്കർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊതുജനങ്ങളുടെ സഹകരണത്തോടെ ഇത്തരം കുറ്റകൃത്യങ്ങൾ തടയാനാകുമെന്നാണ് പ്രതീക്ഷയെന്നും പോലീസ് വ്യക്തമാക്കി.