ജോലി സ്ഥലത്ത് പ്രാർത്ഥനകൾക്ക് വിലക്ക് ഏർപ്പെടുത്തി മോൺട്രിയോളിലെ ഗതാഗത ഏജൻസിയായ എസ്ഐഎം

By: 600110 On: Sep 1, 2026, 8:46 AM

 

ക്യുബെക് സർക്കാരിൻ്റെ പുതിയ മതേതരത്വ നിയമത്തിൻ്റെ ഭാഗമായി, ജോലി സ്ഥലത്തെ പ്രാർത്ഥനകൾക്ക് വിലക്കേർപ്പെടുത്തി മോൺട്രിയോളിലെ ഗതാഗത ഏജൻസിയായ 'സൊസൈറ്റി ഡി ട്രാൻസ്പോർട്ട് ഡി മൊൺട്രിയോൾ' (STM. സെപ്റ്റംബർ ഒന്ന് മുതലാണ് ഈ പുതിയ നിയമം നടപ്പിൽ വന്നത്.

കോളേജുകൾ, സർവകലാശാലകൾ, പൊതുഗതാഗത ഏജൻസികൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളിൽ പ്രാർഥനാമുറികൾ പാടില്ലെന്ന് വ്യക്തമാക്കുന്ന നിയമം കഴിഞ്ഞ ഏപ്രിലിലാണ് ക്യുബെക് സർക്കാർ പാസാക്കിയത്. പ്രാദേശിക ഭരണകൂടത്തിൻ്റെ പ്രത്യേക അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിൽ പ്രാർഥിക്കുന്നതിനും വിലക്കുണ്ട്.

ധ്യാനത്തിനും യോഗയ്ക്കും മറ്റുമായി നീക്കിവെച്ചിരുന്ന നാല് മുറികളാണ് ജീവനക്കാർ ഇതുവരെ പ്രാർഥനയ്ക്കായി ഉപയോഗിച്ചിരുന്നത്. ഈ മുറികൾക്ക് പുറത്ത് പ്രാർഥനാവിലക്ക് വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, ആരെങ്കിലും പ്രാർഥിക്കുന്നത് കണ്ടാൽ മേലധികാരികൾ ഉടൻ ഇടപെടണമെന്നും ഏജൻസി നിർദേശിച്ചിട്ടുണ്ട്.

എന്നാൽ, പുതിയ നിയമം ക്യുബെക്കിലെ ജനങ്ങളുടെ മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ മാത്രമേ ഇത് ഉപകരിക്കൂ എന്നും നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്ലിംസ് (NCCM) പ്രതികരിച്ചു.