ആൽബർട്ടയിലെ ‘ഡ്യുവൽ പ്രാക്ടീസ്’ നിയമത്തിനെതിരെ പ്രതിഷേധം ശക്തം; ഫെഡറൽ സർക്കാർ ഇടപെടണമെന്ന് ആരോഗ്യ സംഘടനകൾ

By: 600110 On: Sep 1, 2026, 8:44 AM

 

ആൽബർട്ടയിൽ ഡോക്ടർമാർക്ക് പൊതു-സ്വകാര്യ മേഖലകളിൽ ഒരേസമയം സേവനം അനുഷ്ഠിക്കാൻ (ഡ്യുവൽ പ്രാക്ടീസ്) അനുമതി നൽകുന്ന പുതിയ നിയമത്തിനെതിരെ കാനഡയിലെ ആരോഗ്യ സംരക്ഷണ സംഘടനകൾ രംഗത്ത്. ഈ നീക്കം തടയാൻ ഫെഡറൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കനേഡിയൻ ഹെൽത്ത് കോയലിഷൻ ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടു.

ആൽബർട്ടയിൽ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന 'ബിൽ 11' (ഹെൽത്ത് സ്റ്റാറ്റ്യൂട്ട്സ് അമൻഡ്മെന്റ് ആക്ട്) അനുസരിച്ച് ഡോക്ടർമാർക്ക് രണ്ട് മേഖലകളിലും പ്രവർത്തിക്കാൻ അനുമതി ലഭിക്കും. 1984-ലെ കാനഡ ഹെൽത്ത് ആക്ടിന് ശേഷമുള്ള ഏറ്റവും വലിയ ഭീഷണിയാണ് ഈ നിയമമെന്ന് കനേഡിയൻ ഹെൽത്ത് കോയലിഷൻ ചെയർമാൻ ജെയ്സൺ മക്ലീൻ പറഞ്ഞു.ഡോക്ടർമാർ സ്വകാര്യ മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പൊതുജനാരോഗ്യ സംവിധാനത്തിൽ വലിയ കാത്തിരിപ്പ് സമയത്തിനും അസമത്വത്തിനും കാരണമാകുമെന്ന് സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. നിയമത്തിനെതിരെ രാജ്യത്തുടനീളം 30 കേന്ദ്രങ്ങളിൽ റാലികളും പൊതുയോഗങ്ങളും സംഘടിപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം.

എന്നാൽ, പുതിയ നിയമം കാനഡ ഹെൽത്ത് ആക്ടിൻ്റെ ലംഘനമല്ലെന്നും പൊതുജനാരോഗ്യ സംവിധാനത്തെ ബാധിക്കില്ലെന്നും ആൽബർട്ട സർക്കാർ വ്യക്തമാക്കി.  പുതിയ നിബന്ധനകൾ അനുസരിച്ച് പൊതുമേഖലയിൽ നിർബന്ധിത മണിക്കൂറുകൾ ജോലി ചെയ്ത ശേഷമേ ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസിന് അപേക്ഷിക്കാനാകൂ. കുടുംബ ഡോക്ടർമാർക്ക്  നിലവിൽ ഈ ആനുകൂല്യം ലഭിക്കില്ല. ആവശ്യമായ പരിചരണത്തിന് ജനങ്ങൾ പണം നൽകേണ്ടി വരില്ലെന്നും സർക്കാർ ഉറപ്പുനൽകി.

പുതിയ മാറ്റത്തിൽ താല്പര്യം പ്രകടിപ്പിച്ച് ഇതുവരെ മുന്നൂറിലധികം ഡോക്ടർമാർ രംഗത്തെത്തിയിട്ടുണ്ട്.   വിഷയത്തിൽ ആൽബർട്ട സർക്കാരുമായി ചർച്ചകൾ നടത്തിവരികയാണെന്ന് ഫെഡറൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യ സംവിധാനത്തിന്റെ അടിസ്ഥാന തത്വങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആൽബർട്ട ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രി മാർജറി മിഷേലിVdJz വക്താവ് വ്യക്തമാക്കി.