ആൽബർട്ടയിലെ ഭക്ഷ്യബാങ്കുകൾ ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്ന് റിപ്പോർട്ട്. സാധാരണയായി ഭക്ഷണവും സാധനങ്ങളും നിറഞ്ഞു നിൽക്കുന്ന ഗോഡൗണുകൾ ഇപ്പോൾ ശൂന്യമായി മാറിയിരിക്കുകയാണ്. “ഇത്രത്തോളം കുറവ് മുൻപൊരിക്കലും ഉണ്ടായിട്ടില്ല” എന്ന് ഫുഡ് ബാങ്ക്സ് ആൽബർട്ടയുടെ ഡയറക്ടർ ഡാരിൽ ബറി പറഞ്ഞു.
സംഘടന 112 ഭക്ഷ്യബാങ്കുകൾക്ക് സാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്. 2025-ൽ 3.36 മില്യൺ പൗണ്ട് ഭക്ഷണം വിതരണം ചെയ്തിരുന്നു. എന്നാൽ 2026-ൽ ആദ്യ ആറുമാസത്തിനുള്ളിൽ തന്നെ 90 ശതമാനം ഭക്ഷണ സാധനങ്ങളും വിതരണം ചെയ്തു കഴിഞ്ഞു. ഓഗസ്റ്റിൽ മാത്രം കഴിഞ്ഞ വർഷത്തേക്കാൾ 32.8 ശതമാനം കൂടുതലാണ് വിതരണം ചെയ്തത്. ഫുഡ് ബാങ്ക് കാനഡയുടെ കണക്കുകൾ പ്രകാരം 2025-ൽ മാസത്തിൽ ശരാശരി 2,10,000 പേരാണ് ആൽബർട്ടയിലെ ഭക്ഷ്യബാങ്കുകൾ സന്ദർശിച്ചത്. 2024-നെ അപേക്ഷിച്ച് ഇത് 22 ശതമാനം വർധനയാണ്. ഭക്ഷ്യബാങ്കുകളിൽ എത്തുന്നവർ സാധാരണ തൊഴിലാളികളും കുടുംബങ്ങളുമാണെന്ന് ബറി പറഞ്ഞു.
2026-ലെ കണക്കുകൾ ഒക്ടോബറിൽ പുറത്തുവരാനിരിക്കുകയാണ്, എന്നാൽ ഇതിനകം തന്നെ വലിയ വർധനവ് ഉണ്ടായതായാണ് സൂചന. എഡ്മണ്ടൺ ഫുഡ് ബാങ്കും ഇതേ പ്രശ്നം നേരിടുന്നുണ്ട്. മാസത്തിൽ 43,000 പേർക്കാണ് അവർ ഭക്ഷണം നൽകുന്നത്. ആവശ്യങ്ങൾ വർധിച്ചതിനാൽ സംഭാവനകൾ മതിയാകുന്നില്ല. പണപ്പെരുപ്പം കാരണം ഭക്ഷണം വാങ്ങാൻ കൂടുതൽ പണം ചെലവാക്കേണ്ടിയും വരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ആൽബർട്ടയിലെ ഭക്ഷ്യബാങ്കുകൾ ജനങ്ങളിൽ നിന്ന് കൂടുതൽ സഹായം പ്രതീക്ഷിക്കുന്നുണ്ട്. ഓരോ സംഭാവനയും വിലപ്പെട്ടതാണെന്ന് കമ്മ്യൂണിക്കേഷൻ കോർഡിനേറ്റർ ഹെയ്ലി ഗ്രിൻഡർ പറഞ്ഞു,