ലിഥിയം അയോൺ ബാറ്ററികൾ മൂലമുണ്ടാകുന്ന തീപിടിത്തവും പൊള്ളൽ ഏൽക്കാനുള്ള സാധ്യതയും കൂടി കണക്കിലെടുത്ത് കാനഡയിൽ പതിനായിരക്കണക്കിന് പവർ ബാങ്കുകളും ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും വിപണിയിൽ നിന്ന് തിരികെ വിളിക്കാൻ ഹെൽത്ത് കാനഡ ഉത്തരവിട്ടു. വിന്നേഴ്സ്, മാർഷൽസ്, ഹോംസെൻസ് തുടങ്ങിയ പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി വിറ്റഴിച്ച മുപ്പതിനായിരത്തോളം 'XO പോപ്പി Magsafe Compatible' (5000 mAh) പവർ ബാങ്കുകളാണ് പ്രധാനമായും തിരികെ വിളിച്ചിട്ടുള്ളത്. ചാർജ്ജ് ചെയ്യുന്നതിനിടെ പവർ ബാങ്കിൻ്റെ പോർട്ട് അമിതമായി ചൂടാവുകയും ഉരുകുകയും ചെയ്യുന്നത് അപകടത്തിന് കാരണമാകുന്നുവെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. 2024 മേയ് മാസത്തിനും 2026 മാർച്ച് മാസത്തിനും ഇടയിലാണ് ഈ ഉൽപ്പന്നങ്ങൾ വിറ്റഴിക്കപ്പെട്ടിട്ടുള്ളത്.
ഇതിന് പുറമെ ഇലക്ട്രിക്കൽ, ഷോർട്ട് സർക്യൂട്ട് അപകടനടപടികളുടെ ഭാഗമായി കാനേഡിയൻ ടയർ സ്റ്റോറുകളിൽ വിറ്റഴിച്ച 7,000-ഓളം 'പവർജി വാക്കിംഗ് പാഡുകളും' (PowerG Walking Pad) തിരിച്ചെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആവശ്യമായ ഇലക്ട്രിക്കൽ സുരക്ഷാ നിലവാരം പുലർത്താത്തതാണ് വോക്കിംഗ് പാഡുകൾ തിരികെ വിളിക്കാൻ കാരണം. കൂടാതെ, നിശ്ചിത മോഡലുകളിലെ ഹസ്‌റ്റ്‌ലർ, ബിഗ്ഡോഗ് എൽ.ഇ.ഡി ലൈറ്റ് കിറ്റുകളും വോൾട്ടേജ് വ്യതിയാനം കാരണം അമിതമായി ചൂടായി തീപിടിക്കാൻ സാധ്യതയുള്ളതിനാൽ വിപണിയിൽ നിന്ന് പിൻവലിക്കാൻ ഹെൽത്ത് കാനഡ നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽ ഈ ഉൽപ്പന്നങ്ങൾ കാരണം ആർക്കും പരിക്കുകളോ വലിയ അപകടങ്ങളോ സംഭവിച്ചതായി റിപ്പോർട്ടുകളില്ലെങ്കിലും ഉപഭോക്താക്കൾ ഇവയുടെ ഉപയോഗം ഉടനടി നിർത്തിവെക്കണമെന്ന് ഹെൽത്ത് കാനഡ കർശന മുന്നറിയിപ്പ് നൽകി. പവർ ബാങ്കുകൾ വാങ്ങിയ ഉപഭോക്താക്കൾക്ക് അവ അടുത്തുള്ള ഹോംസെൻസ്, വിന്നേഴ്സ്, മാർഷൽസ് സ്റ്റോറുകളിൽ തിരികെ നൽകി പണം റീഫണ്ടായി കൈപ്പറ്റാവുന്നതാണ്. വാക്കിംഗ് പാഡ് വാങ്ങിയവർക്ക് കാനേഡിയൻ ടയർ സ്റ്റോറുകൾ വഴി റീഫണ്ടോ സ്റ്റോർ ക്രെഡിറ്റോ ലഭിക്കു൦. കാനഡ കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി ആക്ട് പ്രകാരം പിൻവലിച്ച ഉൽപ്പന്നങ്ങൾ മറ്റുള്ളവർക്ക് വിൽക്കുന്നതോ കൈമാറുന്നതോ കുറ്റകരമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.