വ്യാജ വിലാസങ്ങളും രേഖകളും ഉപയോഗിച്ച് ക്യൂബെക്ക് സർക്കാരിൽ നിന്ന് 1.8 ലക്ഷത്തിലധികം ഡോളറിൻ്റെ സാമ്പത്തിക സഹായം തട്ടിയെടുത്ത കേസിൽ 45-കാരനായ അനധികൃത കുടിയേറ്റക്കാരൻ അറസ്റ്റിൽ. സെനഗൽ സ്വദേശിയായ ഒമർ എൻഡിയായെയാണ് വ്യാജ രേഖ ചമയ്ക്കൽ, വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി മോൺട്രിയൽ പോലീസ് കസ്റ്റഡിയിലെടുത്തത്. 2024 മാർച്ച് മുതൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 55-ഓളം വ്യാജ അപേക്ഷകൾ സമർപ്പിച്ച ഇയാൾ, സാമൂഹിക ക്ഷേമ മന്ത്രാലയത്തെ വഞ്ചിച്ച് 37 അപേക്ഷകളിൽ നിന്നായി തുക കൈപ്പറ്റുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
വ്യത്യസ്ത പേരുകളിലാണ് സാമ്പത്തിക സഹായത്തിന് അപേക്ഷിച്ചതെങ്കിലും, ഈ അപേക്ഷകളിലെല്ലാം സമർപ്പിച്ച ചിത്രങ്ങളിൽസാദൃശ്യം വ്യക്തമായതോടെയാണ് തട്ടിപ്പ് പുറത്തുകൊണ്ടുവരുന്നതിലേക്ക് വഴിതെളിച്ചത്. മറ്റുള്ളവരുടെ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കുന്നതിൻ്റെയും, അപരിചിതരുടെ വിലാസത്തിലുള്ള തപാൽ പെട്ടികളിൽ നിന്ന് കത്തുകൾ കൈപ്പറ്റുന്നതിൻ്റെയും സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. കൂടാതെ, ഇയാൾ മുൻപ് താമസിച്ചിരുന്ന വാടകവീട്ടിൽ നിന്ന് സർക്കാരിൻ്റെയും ബാങ്കുകളുടെയും 140-ലധികം കത്തുകളും, എൻഡിയായെയുടെ ചിത്രമുള്ള കോംഗോ റിപ്പബ്ലിക്കിന്റെ വ്യാജ പാസ്‌പോർട്ടും പോലീസ് കണ്ടെടുത്തു.
തുടർവിചാരണ പൂർത്തിയാകുന്നതുവരെ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു. വ്യാജ വിലാസങ്ങളിൽ കഴിയുന്നതിനാൽ ഇയാൾ രാജ്യം വിട്ടുപോകാൻ സാധ്യതയുണ്ടെന്ന വാദം ജഡ്ജി സോണിയ മാസ്ട്രോ മാറ്റിയോ അംഗീകരിക്കുകയായിരുന്നു. എന്നാൽ, താൻ നാടുവിടില്ലെന്നും "കാനഡയിൽ ജീവിക്കുക എന്നത് തൻ്റെ വലിയൊരു സ്വപ്നമാണെന്നും" എൻഡിയായെ കോടതിയിൽ ബോധിപ്പിച്ചു. നിലവിൽ ലീഗൽ സ്റ്റാറ്റസ് ഇല്ലാതെ കാനഡയിൽ പാത്ര കഴുകൽ ജോലി ചെയ്തുവരികയായിരുന്ന ഇയാൾ കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടി വരും. കേസ് വരുന്ന ഒക്ടോബറിൽ കോടതി വീണ്ടും പരിഗണിക്കും.