പ്രസാദ് തീയാടിക്കല്‍
നിക്കോസിയ: വടക്കന്‍ സൈപ്രസിന്റെ തീരത്ത് യാത്രക്കാരുമായി സഞ്ചരിച്ച ഫെറി മറിഞ്ഞ് മുങ്ങിയുണ്ടായ വന്‍ ദുരന്തത്തില്‍ കുറഞ്ഞത് എട്ട് പേര്‍ മരിച്ചു. 18 പേരെ കാണാതായിട്ടുണ്ട്. 241 പേരെ രക്ഷപ്പെടുത്തിയതായി ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വടക്കന്‍ സൈപ്രസിലെ കിറീനിയ (Kyrenia/Girne) തുറമുഖത്തുനിന്ന് തുര്‍ക്കിയിലെ Tasucu തുറമുഖത്തേക്ക് പുറപ്പെട്ട സ്വകാര്യ ഉടമസ്ഥതയിലുള്ള FILOJET എന്ന അതിവേഗ യാത്രാഫെറിയാണ് ഞായറാഴ്ച അപകടത്തില്‍പ്പെട്ടത്.
259 യാത്രക്കാരും എട്ട് ജീവനക്കാരും ഉള്‍പ്പെടെ 267 പേരാണ് ഫെറിയിലുണ്ടായിരുന്നത്. തുറമുഖത്തുനിന്ന് പുറപ്പെട്ടതിന് പിന്നാലെ ഫെറിയില്‍ വെള്ളം കയറാന്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഫെറി മറിഞ്ഞ് കടലില്‍ മുങ്ങുകയായിരുന്നു.
അപകടത്തിനുശേഷം തുര്‍ക്കിയുടെയും വടക്കന്‍ സൈപ്രസിന്റെയും കോസ്റ്റ് ഗാര്‍ഡ് സംഘങ്ങള്‍, ഹെലികോപ്റ്ററുകള്‍, നാവികസേനാ കപ്പലുകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ വന്‍തോതിലുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 241 പേരെ രക്ഷപ്പെടുത്തിയതായും 18 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും ടര്‍ക്കിഷ് സൈപ്രിയറ്റ് പ്രസിഡന്റ് തുഫാന്‍ എര്‍ഹുര്‍മാന്‍ അറിയിച്ചു.
മറിഞ്ഞ ഫെറി പിന്നീട് പൂര്‍ണമായും മുങ്ങി ഏകദേശം 514 മീറ്റര്‍ ആഴത്തില്‍ കടലിന്റെ അടിത്തട്ടിലെത്തിയതായി അധികൃതര്‍ അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അപകടവുമായി ബന്ധപ്പെട്ട് ഫെറിയുടെ ക്യാപ്റ്റനെയും ഏഴ് ജീവനക്കാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉള്‍പ്പെടെ വിശദമായി അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ദുരന്തത്തെ തുടര്‍ന്ന് വടക്കന്‍ സൈപ്രസില്‍ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കാണാതായവര്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്.