വൈവിധ്യമാര്‍ന്ന മതങ്ങള്‍ക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആര്‍.എസ്.എസ് മേധാവി

By: 600002 On: Aug 31, 2026, 9:09 AM



 

പി പി ചെറിയാന്‍

ന്യൂയോര്‍ക്: വൈവിധ്യമാര്‍ന്ന മതങ്ങള്‍ക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ന്യൂയോര്‍ക്കില്‍ നടന്ന 'വണ്‍ വേള്‍ഡ്: വണ്‍ ഹ്യൂമാനിറ്റി' സമ്മേളനത്തില്‍ സംസാരിക്കവേ,ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് വ്യക്തമാക്കി. മുസ്ലീങ്ങളില്ലാത്ത ഇന്ത്യയാണ് വേണ്ടെന്ന് വിശ്വസിക്കുന്ന ഏതൊരു ഹിന്ദുവും യഥാര്‍ത്ഥ ഹിന്ദുമത സത്തയില്‍ നിന്നാണ് വ്യതിചചലിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആചാരങ്ങള്‍ ആത്യന്തികമായി സത്യത്തിലേക്കും ഒ ഒറ്റ മനുഷ്യസമൂഹത്തിലേക്കുമാണ് നയിക്കേണ്ടതെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, തെറ്റിദ്ധാരണകള്‍ ദൂരീകരിക്കുന്നതിനും ഉള്‍ക്കൊള്ളുന്ന സേവനം വളര്‍ത്തിയെടുക്കുന്നതിനുമായി മുസ്ലീം, ക്രിസ്തീയ സമൂഹങ്ങളുമായി ആര്‍.എസ്.എസ് നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ടെന്നും വെളിപ്പെടുത്തി. 

അന്തര്‍മത സൗഹാര്‍ദ്ദവുമായി ബന്ധപ്പെട്ട വര്‍ദ്ധിച്ചുവരുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം സ്വാര്‍ത്ഥ രാഷ്ട്രീയമാണെന്ന് കുറ്റപ്പെടുത്തിയ ഭാഗവത്, 'ഞാന്‍', 'എന്റേത്' എന്നീ ചിന്താഗതികളില്‍ നിന്ന് 'നാം', 'നമ്മുടേത്' എന്ന കൂട്ടായ്മയിലേക്ക് മാറേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. സാംസ്‌കാരിക ഐക്യവും പങ്കിട്ട പൈതൃകവും സമാധാനപരമായ സഹവര്‍ത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി 2018 ലെ ഡല്‍ഹി പ്രസംഗവും പ്രമുഖ മുസ്ലീം ബുദ്ധിജീവികളുമായുള്ള കൂടിക്കാഴ്ചകളും ഉള്‍പ്പെടെയുള്ള തന്റെ നിരന്തര ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഈ പ്രസ്താവന.