പി പി ചെറിയാന്‍
ന്യൂയോര്‍ക്ക്: സിറ്റിയുടെ സാമ്പത്തിക മുന്‍ഗണനകളില്‍ വ്യക്തത വരുത്തുന്നതിനായി മേയര്‍ സോഹ്‌റാന്‍ ക്വാമേ മംദാനി രൂപീകരിച്ച 'ബിസിനസ് അഡൈ്വസറി കൗണ്‍സിലിലേക്ക്' ഇ-കൊമേഴ്‌സ് കമ്പനിയായ എറ്റ്‌സിയുടെ (Etsy) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃതി പട്ടേല്‍ ഗോയലിനെ ഉള്‍പ്പെടുത്തി. സാമ്പത്തിക, സാങ്കേതിക, റിയല്‍ എസ്റ്റേറ്റ്, റീട്ടെയില്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള 15 പ്രമുഖ വ്യവസായ നേതാക്കളാണ് ഈ കൗണ്‍സിലിലുള്ളത്.
നഗരത്തിന്റെ സാമ്പത്തിക പുരോഗതിക്കും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമായി രൂപീകരിച്ച ഈ സമിതി മേയര്‍ മംദാനി, ഡെപ്യൂട്ടി മേയര്‍ ജൂലി സു എന്നിവരുമായി മൂന്നു മാസത്തിലൊരിക്കല്‍ കൂടിക്കാഴ്ച നടത്തും.
കാനഡയില്‍ ജനിച്ച കൃതി, അമേരിക്കയിലെ ഒരു ചെറിയ മോട്ടലില്‍ മാതാപിതാക്കളെ സഹായിച്ചാണ് വളര്‍ന്നത്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് എം.ബി.എയും നേടിയ അവര്‍ മോര്‍ഗന്‍ സ്റ്റാന്‍ലി, വയാകോം എന്നീ മുന്‍നിര സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് എറ്റ്‌സിയുടെ തലപ്പത്തെത്തുന്നത്.