'ലേക്ക് ഒൻ്റാരിയോ' തടാകത്തിൻ്റെ പേര് മാറ്റിയ ഡൊണാൾഡ് ട്രംപിൻ്റെ നടപടിയെ വിമർശിച്ച് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്

By: 600110 On: Aug 31, 2026, 6:46 AM

 

പ്രശസ്തമായ 'ലേക്ക് ഒൻ്റാരിയോ' തടാകത്തിൻ്റെ പേര് "ലേക്ക് അമേരിക്ക" എന്ന് മാറ്റിയ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നടപടിയെ ശക്തമായി വിമർശിച്ച് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. പ്രവിശ്യയിൽ പുതിയ 'ലേക്ക് ഒൻ്റാരിയോ' ബോർഡ് ഉദ്ഘാടനം ചെയ്യവേയാണ്  അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ കാനഡ ഏതറ്റം വരെയും പോകുമെന്നും ഒരു ഭീഷണിയ്ക്ക് മുന്നിലും വഴങ്ങില്ലെന്നും ഡഗ് ഫോർഡ് വ്യക്തമാക്കി.

അമേരിക്കൻ ഔദ്യോഗിക ഭൂപടങ്ങളിലും രേഖകളിലും തടാകത്തിന്റെ പേര് മാറ്റാൻ ട്രംപ് ഉത്തരവിട്ടിരുന്നെങ്കിലും, ലോകം മുഴുവൻ ഇതിനെ 'ലേക്ക് ഒന്റാറിയോ' എന്ന് തന്നെ വിളിക്കുമെന്ന് ഫോർഡ് പറഞ്ഞു. പല അമേരിക്കൻ സംസ്ഥാനങ്ങളിലെയും ഗവർണർമാർ തന്നോട് സംസാരിച്ചെന്നും അവരും പഴയ പേര് തന്നെ തുടരുമെന്ന് ഉറപ്പുനൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ 'ഗൾഫ് ഓഫ് മെക്സിക്കോ'യുടെ പേര് 'ഗൾഫ് ഓഫ് അമേരിക്ക' എന്ന് ട്രംപ് മാറ്റിയിരുന്നു. തടാകത്തിൻ്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രവും തദ്ദേശീയമായ പാരമ്പര്യവും ചൂണ്ടിക്കാട്ടി കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും ട്രംപിൻ്റെ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

അമേരിക്കയുമായുള്ള വ്യാപാര ചർച്ചകളിൽ ഫെഡറൽ സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച ഫോർഡ്, കനേഡിയൻ തൊഴിലാളികളുടെയും വ്യവസായങ്ങളുടെയും താല്പര്യം സംരക്ഷിക്കുന്നൊരു കരാർ മാത്രമാണ് വേണ്ടതെന്ന് വ്യക്തമാക്കി.  ഒൻ്റാരിയോയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും, കാനഡയെ ഉപദ്രവിക്കുന്ന ഒരു കരാറിനും തങ്ങൾ തയ്യാറല്ലെന്നും പ്രീമിയർ ഓർമ്മിപ്പിച്ചു.