കാനഡയിലെത്തുന്ന വിദേശ വിദ്യാർത്ഥികളുടെയും താൽക്കാലിക തൊഴിലാളികളുടെയും എണ്ണം ഇനിയും വെട്ടിക്കുറയ്ക്കണമെന്നും, വിസ കാലാവധി കഴിഞ്ഞവർ രാജ്യം വിടുന്നുണ്ടോ എന്ന് കൃത്യമായി നിരീക്ഷിക്കണമെന്നും നിർദ്ദേശം. കാനഡ ഇമിഗ്രേഷൻ അഡ്വൈസറി ബോർഡാണ് ഫെഡറൽ സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവിലുള്ള ഇമിഗ്രേഷൻ കണക്കുകളിൽ വലിയ അപകതകളുണ്ടെന്നും ബോർഡ് മുന്നറിയിപ്പ് നൽകി.
വിസ കാലാവധി തീരുമ്പോൾ ആളുകൾ സ്വമേധയാ തിരികെ നാട്ടിലേക്ക് പോകുന്നുണ്ടെന്നാണ് സർക്കാർ കരുതുന്നതെന്നും, എന്നാൽ ഇതിൽ വ്യക്തമായ വിവരങ്ങളോ ട്രാക്കിംഗ് സംവിധാനമോ ഇല്ലെന്നും ബോർഡ് ചെയർപേഴ്സൺ പരീസ മഹ്ബൂബി ചൂണ്ടിക്കാട്ടി. പുതിയ നയങ്ങളുടെ ഭാഗമായി കാനഡയിലെത്തുന്ന വിദേശികളുടെ എണ്ണത്തിൽ വലിയ കുറവ് വന്നിട്ടുണ്ട്. ഈ വർഷം ആദ്യ ആറുമാസത്തിനിടെ 22,410 വിദേശ വിദ്യാർത്ഥികൾ മാത്രമാണ് കാനഡയിലെത്തിയത്. 2024-ൽ ഇതേ കാലയളവിൽ ഇത് 1.24 ലക്ഷത്തിലധികമായിരുന്നു. താൽക്കാലിക തൊഴിലാളികളുടെ വരവും രണ്ടു ലക്ഷത്തിൽ നിന്ന് ലക്ഷത്തിൽ താഴെയായി കുറഞ്ഞു.
രാജ്യത്തെ ആകെ ജനസംഖ്യയിൽ താൽക്കാലിക താമസക്കാരുടെ അനുപാതം അഞ്ച് ശതമാനത്തിൽ താഴെയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് (നിലവിൽ ഇത് 6.2 ശതമാനമാണ്). എന്നാൽ ഇത് 3 മുതൽ 4 ശതമാനമായി ഇനിയും കുറയ്ക്കണമെന്നാണ് ബോർഡിൻ്റെ നിലപാട്. ഇമിഗ്രേഷൻ കാര്യങ്ങൾ പൂർണ്ണ നിയന്ത്രണത്തിലാണെന്ന സർക്കാരിൻ്റെ വാദം തെറ്റാണെന്ന് പ്രതിപക്ഷ കൺസർവേറ്റീവ് പാർട്ടി ആരോപിച്ചു. രാജ്യത്തെ തൊഴിൽ, പാർപ്പിടം, ആരോഗ്യ മേഖലകളുടെ ശേഷിക്ക് അനുസരിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ എന്ന് കൺസർവേറ്റീവ് നേതാവ് മിഷേൽ റെംപൽ ഗാർനർ പറഞ്ഞു.
താൽക്കാലിക താമസക്കാരുടെ കാര്യത്തിൽ മാത്രമല്ല, പെർമനൻ്റ് റെസിഡൻസി (PR) നൽകുന്നതിലും കാനഡ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മുൻപ് പ്രതിവർഷം അഞ്ച് ലക്ഷം പേർക്ക് പി.ആർ നൽകാൻ ലക്ഷ്യമിട്ടിരുന്ന സ്ഥാനത്ത്, പുതിയ തീരുമാനപ്രകാരം അത് 3.8 ലക്ഷമായി കുറച്ചിട്ടുണ്ട്. വിസ, അതിർത്തി നിയന്ത്രണങ്ങൾ എന്നിവയിൽ കൃത്യമായ വിവരങ്ങൾ ശേഖരിക്കാനും താൽക്കാലിക കുടിയേറ്റത്തിൽ വ്യക്തമായ നിരീക്ഷണം ഉറപ്പാക്കാനും കാനഡ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.