ആൽബർട്ടയുടെ ഭാവി എക്കാലത്തേക്കാളും സുരക്ഷിതവും ശോഭനവുമാണെന്ന്   പ്രീമിയർ ഡാനിയേൽ സ്മിത്ത് 

By: 600110 On: Aug 31, 2026, 6:33 AM

 

ആൽബർട്ടയുടെ ഭാവി എക്കാലത്തേക്കാളും സുരക്ഷിതവും ശോഭനവുമാണെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത്. ആൽബർട്ട ദിനാഘോഷങ്ങളുടെ ഭാഗമായി കാൽഗറിയിലെ ഹെറിറ്റേജ് പാർക്കിൽ സംസാരിക്കുകയായിരുന്നു അവർ. 1905 സെപ്റ്റംബർ ഒന്നിനാണ് അൽബർട്ട കാനഡയുടെ ഭാഗമായത്.

എഡ്മണ്ടണിലെ പാർലമെൻ്റ് അങ്കണത്തിലും കാൽഗറിയിലുമായിരുന്നു പ്രധാന ആഘോഷങ്ങൾ. കൂടാതെ 69 തദ്ദേശ കേന്ദ്രങ്ങളിലും വൻതോതിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചു. ആൽബർട്ടയുടെ ഊർജ്ജവും പ്രകൃതിവിഭവങ്ങളും ഇവിടുത്തെ ജനങ്ങളുടെ അധ്വാനവും ലോകമെമ്പാടും അംഗീകരിക്കപ്പെടുകയാണെന്ന് പ്രീമിയർ പറഞ്ഞു. ഇത് പ്രവിശ്യയ്ക്കും രാജ്യത്തിനും ഒരേപോലെ പുതിയ തൊഴിലവസരങ്ങൾ തുറന്നിരിക്കുകയാണ്.

ഇവിടുത്തെ പഴയകാല കുടിയേറ്റക്കാരും കർഷകരും വ്യാപാരികളും തദ്ദേശീയരായ ജനങ്ങളും ചേർന്നാണ് ഇന്നത്തെ ആൽബർട്ടയെ ഉണ്ടാക്കിയെടുത്തത്. പല സംസ്കാരങ്ങളുള്ള ആളുകളാണെങ്കിലും ഭിന്നിപ്പുകളേക്കാൾ നമ്മെ ഒന്നിപ്പിക്കുന്ന ഘടകങ്ങളാണ് ഇവിടെ കൂടുതലെന്നും അവർ ഓർമ്മിപ്പിച്ചു. നാളത്തെ തലമുറയ്ക്കായി പ്രവിശ്യയെ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിനായി കൂടുതൽ റോഡുകളും വീടുകളും സ്കൂളുകളും ആശുപത്രികളും നിർമ്മിക്കുമെന്നും, അധ്വാനിക്കാൻ തയാറായി വരുന്ന ആരെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന നാടായി ആൽബർട്ട തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.

ആഘോഷങ്ങളുടെ ഭാഗമായി വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ ഹെറിറ്റേജ് പാർക്കിന് മുകളിലൂടെ സല്യൂട്ട് പ്രകടനം നടത്തി. മഴയും തണുപ്പും നിറഞ്ഞ കാലാവസ്ഥയായിരുന്നിട്ടും വലിയ ജനക്കൂട്ടമാണ് പരിപാടികളിൽ പങ്കെടുത്തത്.