ഒക്ടോബറിൽ നടക്കാനിരിക്കുന്ന ജനഹിതപരിശോധനയ്ക്ക് മുന്നോടിയായി കാനഡയിലെ ആൽബർട്ട പ്രവിശ്യയിൽ വംശീയ വിദ്വേഷവും ഭീഷണികളും വർദ്ധിക്കുന്നതായി കുടിയേറ്റ സംഘടനകൾ. ഓൺലൈൻ വഴി പ്രചരിക്കുന്ന വിദ്വേഷ സന്ദേശങ്ങൾ ഭയപ്പെടുത്തുന്ന രീതിയിലേക്ക് വളർന്നുവെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.
മുസ്‌ലിം, സിഖ്, ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങളും ഓൺലൈൻ അധിക്ഷേപങ്ങളും പ്രധാനമായും നടക്കുന്നത്. അടുത്തിടെ കാൽഗറിയിൽ നടന്ന മുസ്‌ലിം സാംസ്കാരിക മേളയ്ക്ക് നേരെ കടുത്ത ഭീഷണികൾ ഉയർന്നപ്പോൾ, എഡ്മണ്ടണിൽ സിഖ് അമ്പലത്തിന് സമീപം രണ്ടുപേർക്ക് കുത്തേറ്റ സംഭവവും ഉണ്ടായിരുന്നു. എഡ്മണ്ടൺ, കാൽഗറി എന്നിവിടങ്ങളിൽ ഈ വർഷം മാത്രം നൂറുകണക്കിന് വിദ്വേഷ അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഒക്ടോബർ 19-ന് അൽബർട്ട സർക്കാർ നടത്തുന്ന ജനഹിതപരിശോധനയിലെ ചോദ്യങ്ങളാണ് ഈ വിഷയം കൂടുതൽ വഷളാക്കിയതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. കുടിയേറ്റക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുക, സർക്കാർ സേവനങ്ങൾ കനേഡിയൻ പൗരന്മാർക്കും സ്ഥിരതാമസക്കാർക്കും മാത്രമായി ചുരുക്കുക തുടങ്ങി അഞ്ച് ചോദ്യങ്ങളാണ് കുടിയേറ്റവുമായി ബന്ധപ്പെട്ട് ചോദിക്കുന്നത്. ഇതിന് പുറമെ കാനഡയിൽ നിന്ന് ആൽബർട്ട വേർപിരിയണമോ എന്ന വിഷയത്തിലും ജനഹിതപരിശോധന നടക്കുന്നുണ്ട്.
പ്രവിശ്യയിൽ വെള്ളക്കാരുടെ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന വിഘടനവാദ ഗ്രൂപ്പുകളാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്ന് ആൽബർട്ട സർവകലാശാലയിലെ പ്രൊഫസർ ജാരെഡ് വെസ്‌ലി പറഞ്ഞു. എന്നാൽ വംശീയ ആരോപണങ്ങളെ അൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിൻ്റെ ഓഫീസ് ശക്തമായി തള്ളി. ജനഹിതപരിശോധനയിലെ ചോദ്യങ്ങൾക്ക് വംശീയതയുമായി ബന്ധമില്ലെന്നും, പ്രവിശ്യയിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ അമിതഭാരം കുറയ്ക്കാൻ മാത്രമാണ് കുടിയേറ്റ നിയന്ത്രണം ലക്ഷ്യമിടുന്നതെന്നും സർക്കാർ വക്താവ് അറിയിച്ചു.