പാസ്റ്റര്‍ ജോണ്‍ മാത്യു തെക്കുതോട് മുഖ്യാതിഥിയായി പങ്കെടുത്ത 'സ്വര്‍ഗീയ നാദം' വോള്യം 48 ഭക്തിസാന്ദ്രമായി

By: 600002 On: Aug 29, 2026, 10:11 AM



പി പി ചെറിയാന്‍

അറ്റ്‌ലാന്റ: ക്രൈസ്തവ സംഗീതാസ്വാദകര്‍ക്കായി ഒരുക്കിയ ഓണ്‍ലൈന്‍ സംഗീതപരിപാടിയായ 'സ്വര്‍ഗീയ നാദം' വോള്യം 48 വിജയകരമായി നടന്നു. ഓഗസ്റ്റ് 28 വെള്ളിയാഴ്ച ഡാലസ് സമയം വൈകുന്നേരം 7:15-ന് സൂം പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടി സംപ്രേഷണം ചെയ്തത്.

പ്രശസ്ത ക്രൈസ്തവ ഗായകനും ഗാനരചയിതാവുമായ പാസ്റ്റര്‍ ജോണ്‍ മാത്യു തെക്കുതോട് പങ്കെടുത്ത 'Face to Face' അഭിമുഖമായിരുന്നു ഈ പതിപ്പിന്റെ പ്രധാന ആകര്‍ഷണം. സംഗീത ശുശ്രൂഷയെക്കുറിച്ചും ക്രൈസ്തവ ഗാനങ്ങളുടെ ആത്മീയ ആഴത്തെക്കുറിച്ചും അദ്ദേഹം തന്റെ ചിന്തകള്‍ പങ്കുവെച്ചു.

'പാട്ടുകള്‍ പാടുന്ന ആളുകളേക്കാള്‍ ഉപരി അവയിലെ വരികളും സന്ദേശവുമാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. മനുഷ്യരും ലോകവും മാറിപ്പോയാലും ആഴമുള്ള ആത്മീയ ഗാനങ്ങള്‍ തലമുറകളോളം ആളുകള്‍ക്ക് ആശ്വാസവും അനുഗ്രഹവുമായി നിലനില്‍ക്കും,' എന്ന് പാസ്റ്റര്‍ ജോണ്‍ മാത്യു അഭിമുഖത്തില്‍ ഓര്‍മ്മിപ്പിച്ചു. സംഘാടകരായ സണ്ണിയെയും  അലക്‌സിനെയും പ്രോഗ്രാമിന്റെ മികവിനായി അദ്ദേഹം പ്രത്യേകമായി അഭിനന്ദിക്കുകയും ചെയ്തു.

പത്തനംതിട്ട തെക്കുതോട് സ്വദേശിയായ പാസ്റ്റര്‍ ജോണ്‍ മാത്യു, 2011 മുതല്‍ മുഴുവന്‍ സമയ ശുശ്രൂഷാരംഗത്ത് സജീവമാണ്. ഷാര്‍ജ ചര്‍ച്ച് ഓഫ് ഗോഡ് ഫുള്‍ ഗോസ്പല്‍ സീനിയര്‍ പാസ്റ്ററായ അദ്ദേഹം 80-ഓളം ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 2020, 2024 വര്‍ഷങ്ങളിലെ മാരാമണ്‍ കണ്‍വെന്‍ഷനുകളിലും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിക്കപ്പെട്ടിട്ടുണ്ട്. യു.എ.ഇ യുണൈറ്റഡ് പെന്തക്കോസ്തല്‍ ഫെലോഷിപ്പ് മുന്‍ പ്രസിഡന്റും നിലവില്‍ ചര്‍ച്ച് ഓഫ് ഗോഡ് യു.എ.ഇ നാഷണല്‍ ട്രഷററുമാണ്.

റവ. വി. ജെ. മാത്യു പ്രാരംഭ പ്രാര്‍ത്ഥനയ്ക്കും പാസ്റ്റര്‍ തോമസ് കുര്യന്‍ സമാപന പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കി. സണ്ണി, ജോജു, സാബു, സിജി, അജി, റീന, ജെസ്സി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സംഗീതവും ആത്മീയ ചിന്തകളും സമന്വയിച്ച പരിപാടി സംഗീതാസ്വാദകര്‍ക്ക് മികച്ചൊരു അനുഭവമായി മാറി.