എണ്ണവില കുതിച്ചുയർന്നു; ആൽബർട്ടയിൽ 200 കോടി ഡോളറിൻ്റെ സർപ്ലസ് ബജറ്റ്

By: 600110 On: Aug 29, 2026, 9:49 AM

 

എണ്ണവില കുതിച്ചുയർന്നു; ആൽബർട്ടയിൽ 200 കോടി ഡോളറിൻ്റെ സർപ്ലസ് ബജറ്റ്

ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ ഉയർന്നതോടെ കാനഡയിലെ ആൽബർട്ട പ്രവിശ്യയുടെ സാമ്പത്തിക നിലയിൽ വൻ കുതിച്ചുചാട്ടം. 2026-27 സാമ്പത്തിക വർഷത്തിലെ ആദ്യപാദ ബജറ്റ് വിവരങ്ങൾ പുറത്തുവരുമ്പോൾ പ്രവിശ്യയ്ക്ക് 200 കോടി ഡോളറിൻ്റെ അധിക വരുമാനം ലഭിക്കുമെന്ന് ധനമന്ത്രി ജെയ്സൺ നിക്സൺ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ബജറ്റ് അവതരിപ്പിച്ചപ്പോൾ 940 കോടി ഡോളറിന്റെ ഭീമമായ കമ്മിപ്രതീക്ഷിച്ചിരുന്ന സ്ഥാനത്തുനിന്നാണ് 1,140 കോടി ഡോളറിൻ്റെ ഈ വൻ തിരിച്ചു വരവ്  സാധ്യമാക്കിയത്.

പശ്ചിമേഷ്യയിലെ സൈനിക സംഘർഷങ്ങളും എണ്ണ വിതരണത്തിലുണ്ടായ തടസ്സങ്ങളുമാണ് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണം. ബജറ്റിൽ ബാരലിന് 60.50 യു.എസ്. ഡോളർ ശരാശരി വില കണക്കാക്കിയിരുന്ന സ്ഥാനത്ത് ആദ്യപാദത്തിൽ എണ്ണവില 90 ഡോളറിനും മുകളിലേക്ക് ഉയരുകയായിരുന്നു. ഇതോടെ പ്രകൃതിവിഭവ വരുമാന ഇനത്തിൽ മാത്രം 970 കോടി ഡോളറിന്റെ അധിക ലാഭമാണ് പ്രവിശ്യയ്ക്ക് ലഭിച്ചത്.

കണക്കുകളിൽ വൻ സർപ്ലസ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, നിലവിലുള്ള കടബാധ്യതകൾ വീട്ടുന്നതിനോ ഹെറിറ്റേജ് സേവിംഗ്സ് ട്രസ്റ്റ് ഫണ്ടിലേക്ക് തുക നിക്ഷേപിക്കുന്നതിനോ ഈ പണം ഉടൻ ലഭ്യമാകില്ലെന്ന് സർക്കാർ അറിയിച്ചു. എണ്ണ വിപണിയിലെ കടുത്ത ചാഞ്ചാട്ടങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും കണക്കിലെടുത്ത് വരും മാസങ്ങളിൽ ചെലവുകൾ കർശനമായി നിയന്ത്രിച്ച് മുന്നോട്ടുപോകാനാണ് ആൽബർട്ട ഭരണകൂടത്തിൻ്റെ തീരുമാനം.