ടൊറൻ്റോ പിയേഴ്സൺ വിമാനത്താവളത്തിൽ കഴിഞ്ഞ നാല് വർഷത്തിലേറെയായി നിർത്തിയിട്ടിരിക്കുന്ന കൂറ്റൻ റഷ്യൻ ചരക്കുവിമാനം ഉടനെയൊന്നും അവിടെനിന്ന് മാറ്റാനാകില്ലെന്ന് വ്യക്തമാക്കി കനേഡിയൻ കോടതി. റഷ്യയുടെ വോൾഗ-ഡ്നെപ്പർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള 'ആൻ്റണോവ് എഎൻ-124' വിമാനമാണ് നിയമപോരാട്ടങ്ങൾക്കൊടുവിൽ കാനഡയിൽ തന്നെ തുടരുന്നത്.
2022 മാർച്ചിൽ ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യൻ വിമാനങ്ങൾക്ക് കാനഡ വ്യോമപാതയിൽ നിരോധനം ഏർപ്പെടുത്തിയതോടെയാണ് ഈ വിമാനം അവിടെ കുടുങ്ങിയത്. റഷ്യൻ പതാക ചിത്രീകരിച്ച, ഏകദേശം 300 ദശലക്ഷം ഡോളർ (ഏകദേശം 2,500 കോടിയോളം രൂപ) വിലമതിക്കുന്ന ഈ വിമാനം റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൻ്റെയും അന്താരാഷ്ട്ര ഉപരോധങ്ങളുടെയും വലിയൊരു പ്രതീകമായി ഇവിടെ നിലകൊള്ളുകയാണ്.
വിമാനം വിട്ടുനൽകണമെന്ന് റഷ്യ പലതവണ ആവശ്യപ്പെട്ടെങ്കിലും കനേഡിയൻ കോടതികൾ ഈ ഹർജികളെല്ലാം തള്ളുകയായിരുന്നു. എന്നാൽ നാല് വർഷത്തോളമായി ഒരേയിടത്ത് നിർത്തിയിട്ടിരിക്കുന്നതിനാൽ വിമാനത്തിൻ്റെ പ്രവർത്തനം തരാറിലായിട്ടുണ്ടാകാമെന്നും, ഇനിയിത് സുരക്ഷിതമായി പറത്താനാകുമോ എന്ന് സംശയമാണെന്നും വ്യോമയാന വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
വിമാനം ലേലം ചെയ്യണോ, പൊളിച്ചു മാറ്റണോ അതോ മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കണോ എന്ന കാര്യത്തിൽ കനേഡിയൻ സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. അന്താരാഷ്ട്ര രാഷ്ട്രീയത്തിലും നിയമപോരാട്ടങ്ങളിലും കുടുങ്ങിക്കിടക്കുന്ന ഈ ഭീമൻ വിമാനത്തിന്റെ ഭാവി എന്താകുമെന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.