സെന്റ് ലൂയിസില്‍ ചരിത്രം കുറിച്ച് പ്രഗ്ഗാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരം

By: 600002 On: Aug 29, 2026, 8:53 AM

 

പി പി ചെറിയാന്‍

സെന്റ് ലൂയിസ്: ഗ്രാന്‍ഡ് ചെസ് ടൂര്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ഹിസ്റ്റോറിക് നേട്ടം സ്വന്തമാക്കി ആര്‍. പ്രഗ്ഗാനന്ദ.ആഗസ്ത് 21 മുതല്‍ 28 വരെ നടന്ന വാശിയേറിയ ഫൈനലില്‍ അമേരിക്കന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഫാബിയാനോ കരുവാനയെ 15-13 എന്ന സ്‌കോറിന് മറികടന്നാണ് ഈ 21-കാരന്‍ ചാംപ്യനായത്.

ക്ലാസിക്കല്‍, റാപ്പിഡ്, ബ്ലിറ്റ്‌സ് എന്നിങ്ങനെ മൂന്ന് ഫോര്‍മാറ്റുകളിലായി നടന്ന മത്സരത്തില്‍ തുടക്കത്തില്‍ പിന്നിലായിരുന്ന പ്രഗ്ഗാനന്ദ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ക്ലാസിക്കല്‍ വിഭാഗത്തില്‍ 3-9 എന്ന സ്‌കോറിന് പിന്നിലായ ശേഷം, റാപ്പിഡ് വിഭാഗത്തില്‍ 8-0 ത്തിന്റെ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യയുടെ യുവ താരം പോയിന്റ് നിലയില്‍ മുന്നിലെത്തി. തുടര്‍ന്ന് നടന്ന ബ്ലിറ്റ്‌സ് മത്സരങ്ങള്‍ 4-4 സമനിലയില്‍ അവസാനിച്ചതോടെ 15-13 എന്ന അന്തിമ സ്‌കോറോടെ പ്രഗ്ഗ് കിരീടം ഉറപ്പിച്ചു.

ഫൈനലിലെ വിജയത്തോടെ പ്രഗ്ഗാനന്ദയ്ക്ക് 2,00,000 ഡോളര്‍ (ഏകദേശം 1.90 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു. രണ്ടാം സ്ഥാനത്തെത്തിയ കരുവാനയ്ക്ക് 1,25,000 ഡോളറും മൂന്നാം സ്ഥാനം നേടിയ വെസ്ലി സോയ്ക്ക് 75,000 ഡോളറും നാലാം സ്ഥാനത്തുള്ള വിന്‍സെന്റ് കീമര്‍ക്ക് 50,000 ഡോളറും ലഭിച്ചു.

സെമിഫൈനലില്‍ ജര്‍മ്മനിയുടെ വിന്‍സെന്റ് കീമറെ 19-9 എന്ന സ്‌കോറിന് തകര്‍ത്താണ് പ്രഗ്ഗാനന്ദ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഓഗസ്റ്റ് 21 മുതല്‍ 28 വരെ സെന്റ് ലൂയിസ് ചെസ് ക്ലബ്ബില്‍ നടന്ന 2026 ഗ്രാന്‍ഡ് ചെസ് ടൂര്‍ സീസണിലെ മികച്ച പ്രകടനത്തിന്റെ തുടര്‍ച്ചയായാണ് ഈ വിജയം.

ചെന്നൈ സ്വദേശിയായ പ്രഗ്ഗാനന്ദ 2018-ല്‍ 13-ാം വയസ്സിലാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടുന്നത്. നിലവില്‍ 2750 റേറ്റിംഗുമായി ഫിഡെ (FIDE) റാങ്കിംഗില്‍ 12-ാം സ്ഥാനത്താണ് ഈ അദാനി ഗ്രൂപ്പ് പിന്തുണയ്ക്കുന്ന താരം. ടൂര്‍ണമെന്റില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയ താരങ്ങള്‍ക്ക് 2027-ലെ ഗ്രാന്‍ഡ് ചെസ് ടൂറിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചു.