ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകത്തിലാദ്യമായി തലച്ചോറിലെ ട്യൂമർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ലണ്ടനിലെ ഡോക്ടർമാർ. യുകെയിലെ നാഷണൽ ഹോസ്പിറ്റൽ ഫോർ ന്യൂറോളജി ആൻഡ് ന്യൂറോ സർജറിയിലെ വിദഗ്ധരാണ് ഈ ചരിത്ര നേട്ടത്തിന് പിന്നിൽ. ശസ്ത്രക്രിയയിലൂടെ 48-കാരനായ റീസ് ഹിബെർട്ട് എന്ന രോഗിയുടെ കാഴ്ചശക്തി പൂർണ്ണമായും വീണ്ടെടുക്കാൻ സാധിച്ചു.
യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ വികസിപ്പിച്ചെടുത്ത പ്രത്യേക എഐ സംവിധാനമാണ് ശസ്ത്രക്രിയയിൽ ഉപയോഗിച്ചത്. തലച്ചോറിലെ കാഴ്ചശക്തിയെ നിയന്ത്രിക്കുന്ന ഞരമ്പുകളും പ്രധാന രക്തധമനികളും നിറഞ്ഞ 'പിറ്റ്യൂട്ടറി ഗ്ലാൻഡി'ലായിരുന്നു ശസ്ത്രക്രിയ. മില്ലീമീറ്ററുകളുടെ വ്യത്യാസം പോലും കാഴ്ചനഷ്ടപ്പെടാനോ ജീവന് തന്നെ അപകടമുണ്ടാക്കാനോ സാധ്യതയുള്ള അതീവ സങ്കീർണ്ണമായ ഈ ഘട്ടത്തിൽ, തത്സമയ ദൃശ്യങ്ങൾ വിശകലനം ചെയ്ത് സുരക്ഷിതമായ വഴികൾ കാണിച്ചുനൽകാൻ എഐക്ക് കഴിഞ്ഞു.
ശസ്ത്രക്രിയ പൂർണ്ണമായും ന്യൂറോ സർജൻമാരായ ഹാനി മാർക്കസ്, ദാനിയാൽ ഖാൻ എന്നിവരുടെ നിയന്ത്രണത്തിലായിരുന്നെങ്കിലും, അപകടസാധ്യതയുള്ള മേഖലകളെക്കുറിച്ച് തത്സമയം മുന്നറിയിപ്പ് നൽകാൻ എഐ സഹായിച്ചു. പൂർണ്ണ സൗഖ്യം നേടിയ രോഗി, ആധുനിക വൈദ്യശാസ്ത്രത്തിലെ ഈ ചരിത്രപരമായ മുന്നേറ്റത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചു. സങ്കീർണ്ണമായ ശസ്ത്രക്രിയകളിൽ എഐ സാങ്കേതികവിദ്യ കൈവരിച്ച ഈ വിജയം ഭാവി വൈദ്യശാസ്ത്രരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കി.