നോർത്ത് ഈസ്റ്റ് കാൽഗറിയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന നിഗമനത്തിൽ പോലീസ് ആർസൺ യൂണിറ്റാണ് അന്വേഷിക്കുന്നത്. സിറ്റിലൈൻ കോമൺ നോർത്ത് ഈസ്റ്റിൽ പുലർച്ചെ രണ്ട് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അഞ്ച് വാഹനങ്ങളാണ് പൂർണ്ണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. വൻ ശബ്ദത്തോടെയുള്ള സ്ഫോടനങ്ങളോടെയാണ് വാഹനങ്ങൾ കത്തി അമർന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഒരു കൊറിയർ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച വാഹനങ്ങളെല്ലാം. റെജീനയിൽ നിന്നും രണ്ടാഴ്ച മുൻപ് മാത്രമാണ് ഈ കമ്പനി പ്രവർത്തനം കാൽഗറിയിലേക്ക് മാറ്റിയത്. തങ്ങളുടെ പകുതിയിലധികം വാഹനങ്ങളും നശിച്ചതിൻ്റെ ആഘാതത്തിലാണ് കമ്പനി ഉടമസ്ഥർ. ആസൂത്രിതമായി നടത്തിയ ആക്രമണമാണിതെന്നാണ് പ്രാദേശികവാസികളുടെയും സംശയം.
സംഭവത്തിന് ദൃക്‌സാക്ഷികളായവരോ, ആ സമയത്ത് പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ആളുകളെയോ മറ്റ് വാഹനങ്ങളെയോ കണ്ടവരോ, സിസിടിവി ദൃശ്യങ്ങൾ കൈവശമുള്ളവരോ ഉണ്ടെങ്കിൽ വിവരങ്ങൾ പോലീസിനെയോ ക്രംസ്റ്റോപ്പേഴ്സിനെയോ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.